
ലണ്ടന്‍: വിസ്ഡൺ പുറത്തിറക്കിയ പതിറ്റാണ്ടിന്റെ ടി20 ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ. ക്യാപ്റ്റൻ വിരാട് കോലിയും ജസ്പ്രീത് ബുമ്രയുമാണ് പതിറ്റാണ്ടിന്റെ ടി20 ടീമിൽ ഇടംപിടിച്ചത്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിക്കും അവസാന പതിനൊന്നിൽ എത്താനായില്ല. ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ് വിസ്ഡൺ ഇലവന്റെ നായകൻ, കോളിൻ മണ്‍റോ, ഷെയ്ൻ വാട്സൺ, ഗ്ലെൻ മാക്സ്‍വെൽ, ജോസ് ബട്‍ലർ, മുഹമ്മദ് നബി, ഡേവിഡ് വില്ലി, റഷീദ് ഖാൻ, ലസിത് മലിംഗ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.
നേരത്തേ, കോലി വിസ്ഡന്റെ ടെസ്റ്റ്, ഏകദിന ടീമുകളിലും ഇടംപിടിച്ചിരുന്നു. ആഭ്യന്തര ടി20 മത്സരങ്ങളില്‍ കോലിക്ക് അത്ര മികച്ച റെക്കോര്‍ഡില്ലെങ്കിലും രാജ്യാന്തര ടി20 മത്സരങ്ങളില്‍ 53 റണ്‍സ് ബാറ്റിംഗ് ശരാശരിയുള്ള ബാറ്റ്സ്മാനാണ് കോലി. പ്രഹരശേഷിയില്‍ വെടിക്കെട്ട് വീരന്‍മാരായ താരങ്ങളെക്കാള്‍ ഒരുപടി താഴെയാണെങ്കിലും സ്ഥിരതയിലും ആക്രമണോത്സുകതയിലും കോലി മുന്നിലാണെന്ന് വിഡ്സണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പേസിനും സ്പിന്നിനുമെതിരെയുള്ള മികവ് കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള കാരണമാണ്.
2016ലാണ് അരങ്ങേറിയതെങ്കിലും റണ്‍സ് വിട്ടുകൊടുക്കാതെ പന്തെറിയാനുള്ള ജസ്പ്രീത് ബുമ്രയുടെ മികവാണ് അന്തിമ ഇലവനില്‍ എത്താന്‍ കാരണമെന്ന് വിസ്ഡണ്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ഈ പതിറ്റാണ്ടിലെ പേസ് ബൗളര്‍മാരില്‍ ടി20യിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് ഇക്കോണമി(6.71) ബുമ്രയുടെ പേരിലാണ്. ടി20യില്‍ വമ്പനടികള്‍ പിറക്കുന്ന അവസാന ഓവറുകളില്‍ പന്തെറിയുമ്പോള്‍ പോലും ബുമ്രയുടെ ഇക്കോണമി 7.27 മാത്രമാണെന്നും വിസ്ഡന്‍ കുറിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!