ഏകദിനത്തില്‍ പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ അണ്ടര്‍ 19 വനിതാ താരം

By Web TeamFirst Published Feb 25, 2020, 7:49 PM IST
Highlights

ആദ്യ മത്സരത്തില്‍ ബിഹാറിനെതിരെ പത്തോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി കഷ്‌വീ ഗൗതം ഒരു വിക്കറ്റ് വീഴ്ത്തിയെങ്കില്‍ അടുത്ത മത്സരത്തില്‍ ജമ്മു കശ്മീരിനെതിരെ ഏഴ് വിക്കറ്റുമായി തിളങ്ങി

ചണ്ഡീഗഡ്: വനിതകളുടെ ഇന്ത്യന്‍ സീനിയര്‍ ടീം ടി20 ലോകകപ്പില്‍ തുടര്‍വിജയങ്ങളുമായി മുന്നേറുമ്പോള്‍ ഏകദിന മത്സരത്തില്‍ പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ അണ്ടര്‍ 19 വനിതാ താരം. അണ്ടര്‍ 19 വിഭാഗത്തില്‍ ചണ്ഡീഗഡും അരുണാചല്‍പ്രദേശും തമ്മിലുള്ള ഏകദിന മത്സരത്തിലാണ് ചണ്ഡീഗഡിന്റെ കഷ്‌വീ ഗൗതം പത്തു വിക്കറ്റും വീഴ്ത്തി റെക്കോര്‍ഡ് ഇട്ടത്.

ബാറ്റിംഗിനിറങ്ങിയപ്പോള്‍ 68 പന്തില്‍ 49 റണ്‍സടിച്ചശേഷമായിരുന്നു കഷ്‌വീ ഗൗതമിന്റെ മിന്നും ബൗളിംഗ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഡ് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സടിച്ചപ്പോള്‍ കഷ്‌വീ ഗൗതമിന്റെ ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ അരുണാചല്‍ വെറും 25 റണ്‍സിന് ഓള്‍ ഔട്ടായി. 29 പന്തുകളിലായിരുന്നു കഷ്‌വീ ഗൗതം ഹാട്രിക്ക് അടക്കം 10 വിക്കറ്റ് കൊയ്തത്.

Hat-trick ✅
10 wickets in a one-day game ✅
49 runs with the bat ✅
Leading from the front ✅

4.5-1-12-10! 👌👌

Kashvee Gautam stars as Chandigarh beat Arunachal Pradesh in the Women’s Under 19 One Day Trophy. 👏👏

Scorecard 👉👉 https://t.co/X8jDMMh5PS pic.twitter.com/GWUW9uUgtF

— BCCI Women (@BCCIWomen)

ആദ്യ മത്സരത്തില്‍ ബിഹാറിനെതിരെ പത്തോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി കഷ്‌വീ ഗൗതം ഒരു വിക്കറ്റ് വീഴ്ത്തിയെങ്കില്‍ അടുത്ത മത്സരത്തില്‍ ജമ്മു കശ്മീരിനെതിരെ ഏഴ് വിക്കറ്റുമായി തിളങ്ങി. ചണ്ഡീഗഡിനെതിരെ 10 വിക്കറ്റും വീഴ്ത്തിയതോടെ മൂന്ന് കളികളില്‍ നിന്ന് മാത്രം 18 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ കഷ്‌വീ ഗൗതം ഒന്നാമതാണ്.

പോണ്ടിച്ചേരിയുമായി 28നാണ് ചണ്ഡീഗഡിന്റെ അടുത്ത മത്സരം. 1999ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ അനില്‍ കുംബ്ലെ പത്ത് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 2001ലെ ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി കളിക്കാനിറങ്ങിയ ദേബാശിഷ് മൊഹന്തിയും പത്തു വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം ആവര്‍ത്തിച്ചു. 2008ല്‍ കൂച്ച് ബിഹാര്‍ ട്രോഫി മത്സരത്തില്‍ മണിപ്പൂര്‍ പേസര്‍ റെക്സ് സിംഗും പത്തു വിക്കറ്റ് വീഴ്ത്തി താരമായിരുന്നു.

click me!