
ജൊഹാനസ്ബര്‍ഗ്: ലോകകപ്പ് ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിന് അരങ്ങൊരുങ്ങിയിരിക്കുകകയാണ്. കഴിഞ്ഞ വര്‍ഷം സീനിയര്‍ ടീമുകള്‍ ആയിരുന്നെങ്കില്‍ ഇത്തവണ അണ്ടര്‍ 19 ലോകകപ്പിലാണ് വീണ്ടും ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
ആദ്യ സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചപ്പോള്‍ ഇന്നലെ ആവേശം അവസാന ഓവറിലേക്കും വിക്കറ്റിലേക്കും നീണ്ട രണ്ടാം സെമിയില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിന്‍റെ തനിയാവര്‍ത്തനമാകുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ നടന്ന സീനിയര്‍ താരങ്ങളുടെ ഏകദിന ലോകകപ്പില്‍ 10 തുടര്‍ ജയങ്ങളുമായി ഫൈനലിലെത്തിയ ഇന്ത്യയെ വീഴ്ത്തിയാണ് ഓസ്ട്രേലിയ ആറാം ലോകകപ്പ് നേടിയത്. അതുകൊണ്ട് തന്നെ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ ചേട്ടന്‍മാരെ തോല്‍പ്പിച്ച ഓസ്ട്രേലിയയോട് അനുജന്‍മാര്‍ക്ക് കണക്കു തീര്‍ക്കാനുള്ള അവസരം കൂടിയാണ്. ചേട്ടന്‍മാരെ തോല്‍പ്പിച്ചതിന് ഞായറാഴ്ച പ്രതികാരം തീര്‍ക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
പ്രതികാരം വീട്ടലല്ല തങ്ങളുടെ ലക്ഷ്യമെന്ന് സഹാരണ്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞായറാഴ്ചത്തെ ഫൈനലില്‍ മാത്രമാണ് ശ്രദ്ധയെന്നും കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് വ്യാകുലനാകുന്നില്ലെന്നും ഉദയ് സഹാരണ്‍ വ്യക്തമാക്കി. പ്രതികാരമൊന്നും ചിന്തിക്കുന്നില്ല. ഞങ്ങളുടെ കളിയില്‍ മാത്രമാണ് ഇപ്പോഴത്തെ ശ്രദ്ധ. മത്സര സാഹചര്യമനുസരിച്ച് എങ്ങനെ നന്നായി കളിക്കാമെന്നത് മാത്രമാണ് നോക്കുന്നത്. എല്ലാ മത്സരങ്ങളും പ്രധാനമാണ്. കാരണം ഇത് ലോകകപ്പാണ്. ഇവിടെ കളിക്കുന്ന ടീമുകളും അതുപോലെ മികച്ചവരായിരിക്കും.
അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടുക എന്നത് ഞങ്ങളുടെ സ്വപ്നമാണ്. മുമ്പ് പലതവണ നമ്മളത് നേടിയിട്ടുണ്ട്. ചരിത്രം ആവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതുവഴി ചരിത്രത്തില്‍ ഇടം പിടിക്കാനും. അതിനായി ഏറ്റവും മികച്ച പ്രകടനം തന്നെ ഫൈനലില്‍ പുറത്തെടുക്കും. വിരാട് കോലി മുതല്‍ ജഡേജവരെ ഒട്ടേറെ താരങ്ങള്‍ അണ്ടര്‍ 19 ലോകകപ്പിലെ താരങ്ങളായി പിന്നീട് ഇന്ത്യയുടെ മാച്ച് വിന്നേഴ്സ് ആയിട്ടുണ്ടെങ്കിലും അവരുമായി താരതമ്യത്തിനില്ലെന്നും ഞാറാഴ്ച ഫൈനലില്‍ എങ്ങനെ മികവ് കാട്ടാമെന്നത് മാത്രമാണ് ശ്രദ്ധയെന്നും ഉദയ് സഹാരണ്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!