
കാന്‍ബറ: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അമ്പയറായ ക്ലെയര്‍ പോളോസാക്കിന് സംഭവിച്ചത് ഭീമാബദ്ധം. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 24-ാം ഓവറിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്.
14 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്ററായ സുനെ ലൂസിനെതിരെ ഓസ്ട്രേലിയ എല്‍ബഡബ്ല്യുവിനായി ഓസ്ട്രേലിയ അപ്പീല്‍ ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് സ്റ്റംപില്‍ കൊള്ളാതെ പോകുമെന്ന് ഉറപ്പുള്ളതിനാല്‍ അമ്പയറായിരുന്ന ക്ലെയര്‍ നോട്ടൗട്ട് വിളിച്ചു.
എന്നാല്‍ അമ്പയറുടെ തീരുമാനം ഓസ്ട്രേലിയ റിവ്യു ചെയ്തു. ഡിആര്‍എസിലെ ബോള്‍ ട്രാക്കിംഗിലും പന്ത് ഓഫ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തതെന്നും വിക്കറ്റില്‍ കൊളളില്ലെന്നും വ്യക്തമായി. നോട്ടൗട്ട് വിളിച്ച അമ്പയറുടെ തീരുമാനം ശരിയാണെന്ന് ടെലിവിഷന്‍ അമ്പയര്‍ വ്യക്തമാക്കി.
എന്നാല്‍ ടെലിവിഷന്‍ അമ്പയറുടെ തീരുമാനം പ്രഖ്യാപിക്കുന്നതിനിടെ അമ്പയര്‍ അബദ്ധത്തില്‍ അറിയാതെ ചൂണ്ടുവിരലുയര്‍ത്തി ഔട്ട് വിളിച്ചു. ഇത് കണ്ട് ഓസീസ് താരങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങുമ്പോഴേക്കും പെട്ടെന്ന് തന്നെ അബദ്ധം തിരിച്ചറിഞ്ഞ ക്ലെയര്‍ അത് ഔട്ടല്ലെന്നും തന്‍റെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ അമ്പയറുടെ അബദ്ധത്തിലും പതറാതെ പിടിച്ചു നിന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂടിയായ ലൂസിന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. 19 റണ്‍സെടുത്ത സുനെ ലൂസ് ആഷ്‌ലി ഗാര്‍ഡ്നറുടെ പന്തില്‍ സതര്‍ലനാന്‍ഡിന് ക്യാച്ച് നല്‍കി മടങ്ങി.
മഴ മൂലം 46 ഓവറാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിട്ടുണ്ട്. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും തോറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!