ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ യോഗ്യരായ ആളുകൾ ബിസിസിഐയിൽ ഉണ്ടെന്ന് സെക്രട്ടറിദേവ്ജിത് സൈക്കിയ.
ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയും ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയും കൈവിട്ടതിന് പിന്നാലെ പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ ഭാവി സംബന്ധിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ആരാധകരിൽ നിന്നും വിദഗ്ധരിൽ നിന്നും ഗംഭീറിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യങ്ങൾ വരെ ഉയരുകയും ചെയ്തിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ, പരിഹാസരൂപേണ മറുപടി നൽകി. ഓരോ വ്യക്തികൾക്കും സ്വന്തം അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും എന്നാൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ബിസിസിഐയ്ക്ക് യോഗ്യരായ ആളുകളുണ്ടെന്നും 'സ്പോർട്‌സ്റ്റാറിന്' നൽകിയ അഭിമുഖത്തിൽ സൈക്കിയ പറഞ്ഞു.
"ഇന്ത്യ 140 കോടി ജനങ്ങളുള്ള രാജ്യമാണ്, ഇവിടെ എല്ലാവരും ക്രിക്കറ്റ് വിദഗ്ധരാണ്. എല്ലാവർക്കും ഓരോ അഭിപ്രായമുണ്ടാകും. ഇതൊരു ജനാധിപത്യ രാജ്യമാണ്, ആരുടെയും വായ മൂടിക്കെട്ടാൻ നമുക്കാവില്ല. മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മുൻ താരങ്ങളും അല്ലാത്തവരുമെല്ലാം പല തരത്തിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ തീരുമാനങ്ങൾ എടുക്കുന്നത് വിദഗ്ധരാണെന്നും സൈക്കിയ കൂട്ടിച്ചേർത്തു:
"ബിസിസിഐയിൽ മുൻ താരങ്ങൾ ഉൾപ്പെടുന്ന ഒരു ക്രിക്കറ്റ് കമ്മിറ്റിയുണ്ട്. അവരാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. അതുപോലെ ടീം തിരഞ്ഞെടുപ്പിനായി അഞ്ച് സെലക്ടർമാരുണ്ട്. ആ സ്ഥാനത്തെത്താൻ ആവശ്യമായ എല്ലാ യോഗ്യതയും ഉള്ളവരാണവർ. ഓരോ തീരുമാനത്തിനും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാം. അവയെല്ലാം ഞങ്ങൾ പരിഗണിക്കുമെങ്കിലും, അന്തിമ തീരുമാനം ക്രിക്കറ്റ് കമ്മിറ്റിയും സെലക്ടർമാരും ചേർന്നായിരിക്കും എടുക്കുക."
നേരത്തെ, സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം 2026-ലെ ടി20 ലോകകപ്പ് കിരീടം നേടിയില്ലെങ്കിൽ ഗംഭീറിനെ പുറത്താക്കണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി പറഞ്ഞിരുന്നു. കരാർ കാലാവധി തീരുന്നത് വരെ ഗംഭീർ തുടരുമെന്നാണ് ബിസിസിഐ സെക്രട്ടറി പറയുന്നതെങ്കിലും ലോകകപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെങ്കിൽ ബിസിസിഐ കടുത്ത തീരുമാനമെടുക്കുമെന്ന് തിവാരി 'ഇൻസൈഡ് സ്പോർട്ടിനോട്' പറഞ്ഞു.
