
ചെന്നൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) സ്‌ക്വാഡിലുണ്ടായിരുന്ന താരമാണ് ബാറ്ററായ സുബ്രാന്‍ഷു സേനാപതി(Subhranshu Senapati). സീസണില്‍ ഒരു മത്സരത്തില്‍പ്പോലും അവസരം ലഭിച്ചില്ലെങ്കിലും പരിക്കിനോട് പടവെട്ടി സിഎസ്‌കെ(CSK) വരയെത്തിയ അവിശ്വസനീയ ജൈത്രയാത്രയുടെ കഥ സേനാപതിക്ക് പറയാനുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് 25കാരനായ താരം തന്‍റെ പരിക്കിന് ശേഷമുള്ള തിരിച്ചുവരവിനെ കുറിച്ച് മനസുതുറന്നത്. അണ്ടര്‍ 19 വിഭാഗത്തില്‍ കളിക്കുമ്പോഴായിരുന്നു ഗുരുതര പരിക്ക് താരത്തെ പിടികൂടിയത്.
'2014-15 സീസണിലാണ് എനിക്ക് പരിക്കേറ്റത്. അണ്ടര്‍ 19 താരമായിരുന്നു ഞാനന്ന്. സോണല്‍ ക്യാമ്പിന് രണ്ട് ദിവസം മുമ്പ് തയ്യാറെടുപ്പുകള്‍ക്കിടെ എനിക്ക് പരിക്കേറ്റു. പരിക്കിന്‍റെ ഗൗരവം എനിക്ക് വ്യക്തമായിരുന്നില്ല. അതിനാല്‍ ഞാന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയി. എന്നാല്‍ പരിശീലനത്തിന് ശ്രമിച്ചെങ്കിലും അതിനായില്ല. എന്‍റെ കൈക്കുഴയ്‌ക്കായിരുന്നു പരിക്ക്. പരിക്ക് ഭേദമാക്കാന്‍ ഫിസിയോ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എക്‌സറേ എടുത്തപ്പോഴാണ് പൊട്ടലുള്ളതായി മനസിലാക്കിയത്. എന്‍റെ പ്രദേശത്തുള്ള ഏറ്റവും മികച്ച സര്‍ജനെ കണ്ടു. ശസ്‌ത്രക്രിയയല്ലാതെ മറ്റ് വഴികള്‍ മുന്നിലില്ല എന്ന് അദേഹം പറഞ്ഞു. അങ്ങനെ സര്‍ജറി നടത്തി. ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് കളിക്കാനായില്ല. പരിക്ക് കാരണം കളിക്കാനാവില്ലെന്ന് ഡോക്‌ടര്‍ എന്നോട് പറഞ്ഞിരുന്നു.
സാധാരണയായി സോണല്‍ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവര്‍ക്കും ക്രിക്കറ്റ് കിറ്റും ഷൂകളും കിട്ടും. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതിനാല്‍ എനിക്ക് കിറ്റ് ലഭിക്കില്ല. എന്നാല്‍ ക്യാമ്പില്‍ നിന്ന് ഒരു ജോഡി ഷൂ ലഭിച്ചു. വേഗം പരിക്ക് ഭേദമാകുമെന്നും വീണ്ടും ക്രിക്കറ്റ് കളിക്കാനാകും എന്നും അതോടെ തോന്നി. പുതുതായി ലഭിച്ച ഷൂകള്‍ ക്രിക്കറ്റിലേക്ക് തിരികെ വരാനും കഠിനമായി പരിശീലിക്കാനും കൂടുതൽ പ്രേരിപ്പിച്ചു' എന്നും സുബ്രാന്‍ഷു സേനാപതി പറഞ്ഞു.
IND vs SA : ചില്ലറക്കാരനല്ല ദിനേശ് കാര്‍ത്തിക്, യുവതാരങ്ങള്‍ക്ക് പ്രചോദനം; കാരണം പറഞ്ഞ് സഹതാരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!