ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 330 റണ്‍സുമായി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഡികെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ് എന്നാണ് സഹതാരം

ചെന്നൈ: ദിനേശ് കാര്‍ത്തിക്(Dinesh Karthik) എന്ന 37കാരന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വീണ്ടും ടിക്കറ്റ് നല്‍കിയ ടൂര്‍ണമെന്‍റായിരുന്നു ഐപിഎല്‍ പതിനഞ്ചാം സീസണ്‍(IPL 2022). ആര്‍സിബി(RCB) ജേഴ്‌സിയില്‍ അതിശയിപ്പിക്കുന്ന പ്രഹരശേഷിയില്‍ ഗംഭീര ഫിനിഷറായി ഡികെ. 16 മത്സരങ്ങളില്‍ 330 റണ്‍സുമായി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഡികെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ് എന്നാണ് തമിഴ്‌നാട് ടീമിലെ സഹതാരം ബാബാ ഇന്ദ്രജിത്ത്(Baba Indrajith) പറയുന്നത്. 

'ദിനേശ് കാര്‍ത്തിന്‍റെ കഥ അവിസ്‌മരണീയമാണ്. സത്യസന്ധമായി പറഞ്ഞാല്‍ ദിനേശ് കാര്‍ത്തിന്‍റെ സമാന സാഹചര്യത്തിലോ പ്രായത്തിലോ ആണേല്‍ ഇത്തരത്തില്‍ പ്രചോദിപ്പിക്കാന്‍ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല. യാഥര്‍ശ്ചികമല്ല ഇന്ത്യന്‍ ടീമിലേക്ക് ഡികെയുടെ തിരിച്ചുവരവ്. എല്ലാം തന്‍റെ പദ്ധതി പോലെ തന്നെ. ഏറെക്കാലമായി ക്രിക്കറ്റിലുള്ളയാളാണ് അദേഹം. മത്സരത്തോടുള്ള ഡികെയുടെ അഭിനിവേശവും സത്യസന്ധതയും അവിസ്‌മരണീയമാണ്' എന്നും ബാബാ ഇന്ദ്രജിത്ത് പറഞ്ഞു. 

തന്‍റെ ഐപിഎല്‍ അനുഭവം 

'ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചത് മികച്ച അനുഭവമായിരുന്നു. വലിയ ഫ്രാഞ്ചൈസിയാണ് കെകെആര്‍. ഐപിഎല്ലില്‍ ഇടം ലഭിക്കാന്‍ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. അതിനായി കഠിന പ്രയത്നം നടത്തി. 10 വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ ഞാനുണ്ട്. കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷം ഐപിഎല്‍ പ്രവേശത്തിനായി ഏറെ ശ്രമിച്ചു'വെന്നും 27കാരനായ ബാബാ ഇന്ദ്രജിത്ത് സ്‌പോര്‍ട്‌സ്‌കീഡയോട് വ്യക്തമാക്കി. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ 21 റണ്‍സേ താരം നേടിയുള്ളൂ. 

ഐപിഎല്ലിലെ മികവിലൂടെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലാണ് ദിനേശ് കാര്‍ത്തിക് ഇടംപിടിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മടങ്ങിവരവും ആകര്‍ഷകം.

IND vs SA : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20; ടീമിനെ പ്രവചിച്ച് രവി ശാസ്‌ത്രി, സര്‍പ്രൈസ്