അണ്ടര്‍ 19 വനിതാ ലോകകപ്പ് സെമി: കിവീസിന്‍റെ ചിറകരിഞ്ഞ് ഇന്ത്യ, ലക്ഷ്യം 108

By Web TeamFirst Published Jan 27, 2023, 3:26 PM IST
Highlights

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിന തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അന്ന ബ്രൗണിങിനെ(1) നഷ്ടമായി. മന്നത് കശ്യപിനായിരുന്നു വിക്കറ്റ്.

ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.  ഇന്ത്യക്കായി സ്പിന്നര്‍ പാര്‍ഷവി ചോപ്ര മൂന്ന് വിക്കറ്റുമായി തിളങ്ങി. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷഫാലി വര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശ്വേതാ ഷെറാവത്തും(14) സൗമ്യ തിവാരിയും(5) ആണ് ക്രീസില്‍.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിന തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അന്ന ബ്രൗണിങിനെ(1) നഷ്ടമായി. മന്നത് കശ്യപിനായിരുന്നു വിക്കറ്റ്. മൂന്നാം ഓവറില്‍ മറ്റൊരു ഓപ്പണറായ എമ്മ മക്‌ലോയ്ഡും(2) മടങ്ങിയതോടെ ന്യൂസിലന്‍ഡ് 5-2ലേക്ക് വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോര്‍ജിയ പ്ലിമ്മറും ഇസബെല്ല ഗേസും ഒത്തുചേര്‍ന്നതോടെ കിവീസ് സ്കോര്‍ ബോര്‍ഡിന് അനക്കം വെച്ചു.

സര്‍ഫ്രാസ് ഖാനെ ടീമിലെടുക്കാത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ഇന്ത്യന്‍ സെലക്ടര്‍

ഇരുവരും ചേര്‍ന്ന് കിവീസിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും തകര്‍ത്തടിച്ച ഗേസിനെ(22 പന്തില്‍ 26) മടക്കി പാര്‍ഷവി ആദ്യ വിക്കറ്റ് നേടി. കിവീസ് സ്കോര്‍ ബോര്‍ഡില്‍ 42 റണ്‍സെ ഉണ്ടായിരുന്നുള്ളു അപ്പോള്‍. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഇസി ഷാര്‍പ്പിനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. 14 പന്തില്‍ 13 റണ്‍സെടുത്ത ഷാര്‍പ്പിനെയും പിന്നാലെയെത്തി എമ്മ ഇര്‍വിന്‍(3), കേറ്റ് ഇര്‍വിന്‍(2) എന്നിവരെയും മടക്കിയ പാര്‍ഷവി കിവീസിന്‍റെ നടുവൊടിച്ചു. പിടിച്ചു നിന്ന പ്ലിമ്മറെ(32 പന്തില്‍ 35) അര്‍ച്ചനാ ദേവി വീഴ്ത്തിയതോടെ കിവീസിന്‍റെ പോരാട്ടം തീര്‍ന്നു.

കിവീസ് നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി പാര്‍ഷവി ചോപ്ര നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടിറ്റാസ് സാധു, മന്നത് കശ്യപ്, ഷഫാലി വര്‍മ, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

click me!