കേവലം അഞ്ച് ഇന്നിങ്സുകള്‍ മാത്രം കളിച്ചാണ് സഞ്ജു സാംസണ്‍ 2026 ടി20 ലോകകപ്പിലെ താരമായി മാറിയത്
സഞ്ജു സാംസണ്‍, വീഴ്ചകളില്‍ നിന്ന് ജനിച്ച മിറാക്കിള്‍. ഒരു ടി20 ലോകകപ്പിലെ മുഴുവൻ മത്സരവും കളിക്കാതെ ടൂര്‍ണമെന്റിലെ താരമാകുക. അതും നാല് തവണ അന്തിമ ഇലവനിലെത്താതെ. പക്ഷേ, സമാനമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചില താരങ്ങളുണ്ട്.
ടി20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ ഒരാള്‍ മാത്രം. ഇംഗ്ലണ്ട് മുൻതാരം കെവിൻ പീറ്റേഴ്സണ്‍. 2010 എഡിഷനിലായിരുന്നു നേട്ടം. ഇംഗ്ലണ്ട് കിരീടം നേടിയപ്പോള്‍ പീറ്റേഴ്സണ്‍ 248 റണ്‍സുമായി ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്കോററായി. ഏഴ് മത്സരങ്ങളായിരുന്നു ഇംഗ്ലണ്ട് കളിച്ചത്, പീറ്റേഴ്‌സണ്‍ ടീമിലെത്തിയത് ആറെണ്ണത്തിലും.
2025 ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലൻഡ് യുവതാരം രചിൻ രവീന്ദ്ര. ടൂര്‍ണമെന്റിലെ ടോപ് സ്കോററായിരുന്നു ഇടം കയ്യൻ ബാറ്റര്‍. കേവലം നാല് ഇന്നിങ്സുകളില്‍ നിന്ന് 263 റണ്‍സ്, മൂന്ന് വിക്കറ്റും. അഞ്ച് മത്സരങ്ങളിലായിരുന്നു കിവികള്‍ അന്ന് കളത്തിലെത്തിയത്.
ഓസ്ട്രേലിയൻ വനിത താരങ്ങളായ ലിസ കെയ്റ്റ്ലി, കാരെൻ റോള്‍ട്ടണ്‍ എന്നിവരാണ് മറ്റുള്ളവര്‍. 2000, 2005 ഏകദിന ലോകകപ്പുകളിലായിരുന്നു ഇരുവരുടേയും നേട്ടം.


