
ദുബായ്: യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം പുരുഷ ഏകദിന ലോകകപ്പിന്‍റെ പുതുക്കിയ മത്സരക്രമം ഐസിസി പുറത്തുവിട്ടു. യോഗ്യതാ റൗണ്ടില്‍ നിന്ന് ശ്രീലങ്ക, നെതർലന്‍ഡ്‍സ് ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്. ലോകകപ്പില്‍ ഒക്ടോബർ ഏഴിന് ദില്ലിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലങ്കയുടെ ആദ്യ മത്സരം. നവംബർ 9ന് ന്യൂസിലന്‍ഡിന് എതിരെ ബെംഗളൂരുവിലാണ് ലങ്കയുടെ അവസാന ഗ്രൂപ്പ് മത്സരം. അതേസമയം നെതർലന്‍ഡ്‍സ് പാകിസ്ഥാനെതിരെ ഹൈദരാബാദില്‍ ഒക്ടോബർ 6ന് ടീമിന്‍റെ ആദ്യ മത്സരത്തിന് ഇറങ്ങും. നവംബർ 11ന് ബെംഗളൂരുവില്‍ ഇന്ത്യക്ക് എതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.
ഒക്ടോബര്‍ 5ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയം(നവംബർ 15), കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്(നവംബർ 16) എന്നിവിടങ്ങളിയാണ് സെമിഫൈനല്‍ മത്സരങ്ങള്‍. ഉദ്‌ഘാടന മത്സരത്തിന് പുറമെ ഫൈനലിനും വേദിയാവുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്. നവംബർ 19നാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. 21-ാം തിയതി റിസർവ് ദിനമായി കണക്കാക്കും. മൂന്ന് നോക്കൗട്ട് മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുക.
പത്ത് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവയാണ് വേദികള്‍. ഹൈദരാബാദിന് പുറമെ തിരുവനന്തപുരത്തും ഗുവാഹത്തിയിലും വച്ച് സെപ്റ്റംബർ 29 മുതല്‍ ഒക്ടോബർ 3 വരെ സന്നാഹമത്സരങ്ങള്‍ നടക്കും.
Read more: ഏകദിന ലോകകപ്പ് ട്രോഫി ടൂറിലും താരം സഞ്ജു സാംസണ്‍; ചിത്രം വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം