ചെപ്പോക്കിൽ ആഞ്ഞടിച്ച് ഉർവിൽ കൊടുങ്കാറ്റ്, ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോര്‍ഡിനൊപ്പം

Published : May 10, 2026, 06:57 PM IST
Urvil Patel CSK

Synopsis

നേരിട്ട ആദ്യ പന്തില്‍ സിംഗിളെടുത്ത ഉര്‍വില്‍ പിന്നീട് ആവേശ് ഖാനെതിരെ ഹാട്രിക്ക് സിക്സ് പറത്തി. ആവേശ് ഖാനെറിഞ്ഞ അഞ്ചാം ഓവറില്‍ 25 റണ്‍സാണ് ചെന്നൈ അടിച്ചെടുത്ത്.

ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ചുറി റെക്കോര്‍ഡിനൊപ്പമെത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് താരം ഉർവിൽ പട്ടേൽ. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ 13 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചാണ് ഉര്‍വില്‍ പട്ടേല്‍ യശസ്വി ജയ്‌സ്വാളിന്‍റെ റെക്കോർഡിനൊപ്പമെത്തിയത്. ലക്നൗ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്കായി 14 പന്തില്‍ 28 റണ്‍സടിച്ച മലയാളി താരം സഞ്ജു സാംസണ്‍ ദിഗ്‌വേഷ് റാത്തിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങിയതിന് പിന്നാലെ മൂന്നാം നമ്പറിലാണ് ഉര്‍വില്‍ ക്രീസിലെത്തിയത്.

നേരിട്ട ആദ്യ പന്തില്‍ സിംഗിളെടുത്ത ഉര്‍വില്‍ പിന്നീട് ആവേശ് ഖാനെതിരെ ഹാട്രിക്ക് സിക്സ് പറത്തി. ആവേശ് ഖാനെറിഞ്ഞ അഞ്ചാം ഓവറില്‍ 25 റണ്‍സാണ് ചെന്നൈ അടിച്ചെടുത്ത്. ദിഗ്‌വേഷ് റാത്തിയെറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 6,6,4,6 എന്നിങ്ങനെ തകര്‍ത്തടിച്ച ഉര്‍വില്‍ അവസാന പന്തില്‍ സിംഗിളെടുത്തു. ഉര്‍വിലിന്‍റെ മിന്നലടിയില്‍ പവര്‍ പ്ലേയിലെ അവസാന രണ്ടോവറില്‍ മാത്രം 50 റണ്‍സടിച്ച ചെന്നൈ ആറോവറില്‍ 97 റണ്‍സിലെത്തി. ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പവര്‍ പ്ലേ സ്കോറാണിത്. പവര്‍ പ്ലേ തീരുമ്പോള്‍ 9 പന്തില്‍ 42 റണ്‍സിലെത്തിയ ഉര്‍വിലിന് ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്ചുറിയിലെത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും മുഹമ്മദ് ഷമിയെറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാനായില്ല.

 

എന്നാല്‍ ഷമിയുടെ രണ്ടാം പന്ത് സിക്സിന് പറത്തി ഉര്‍വില്‍ 48 റണ്‍സിലെത്തി. അടുത്ത പന്തില്‍ സിംഗിളെടുത്ത ഉര്‍വില്‍ 12 പന്തില്‍ 49 റണ്‍സിലെത്തി. ഷമിയുടെ അവസാന പന്തില്‍ വീണ്ടും സിംഗിളെടുത്ത് 13 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 7 സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഉര്‍വിലിന്‍റെ ഫിഫ്റ്റി. അര്‍ധസെഞ്ചുറി തികച്ച ശേഷം ഷഹബാസ് അഹമ്മദിനെതിരെ വീണ്ടും സിക്സും ഫോറും പറത്തിയ ഉര്‍വില്‍ ഷഹബാസ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തില്‍ ആവേശ് ഖാന് ക്യാച്ച് നല്‍കി പുറത്തായി. 8 സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് ഉര്‍വിലിന്‍റെ ഇന്നിംഗ്സ്. 2023ല്‍ കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് വേണ്ടിയാണ് യശസ്വി ജയ്സ്വാള്‍ 13 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. കെ എൽ രാഹുല്‍(14), പാറ്റ് കമിൻസ്(14), റൊമാരിയോ ഷെപ്പേര്‍ഡ്(14) എന്നിവരാണ് ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ചുറിക്കാര്‍.

 

ഐപിഎല്‍ ചരിത്രത്തില്‍ നേരിട്ട ആദ്യ 10 പന്തുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍‍ഡും ഉര്‍വില്‍ സ്വന്തമാക്കി. നേരിട്ട ആദ്യ 10 പന്തില്‍ 42 റണ്‍സാണ് ഉര്‍വില്‍ അടിച്ചെടുത്തത്. 2015ല്‍ ആദ്യ 10 പന്തില്‍ 41 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് ഉ‍ർവില്‍ മറികടന്നത്. യശസ്വി ജയ്സ്വാളും ആദ്യ 10 പന്തില്‍ 41 റണ്‍സെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

33 പന്തിൽ 85, ചെപ്പോക്കിനെ നിശബ്ദമാക്കി ഇംഗ്ലിസ് വെടിക്കെട്ട്; ലക്നൗവിനെതിരെ ചെന്നൈക്ക് കൂറ്റൻ വിജയലക്ഷ്യം
ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് വരുമ്പോള്‍ ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടോ?, ഒടുവില്‍ പ്രതികരിച്ച് സഞ്ജു സാംസണ്‍