
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം വൈഭവ് സൂര്യവന്‍ഷി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോര്‍ഡാണ് സൂര്യവംശി സ്വന്തമാക്കിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് ഈ 15കാരന്‍ ചരിത്രനേട്ടം കൈവരിച്ചത്. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് സൂര്യവന്‍ഷി തകര്‍ത്തത്. 222 പന്തുകളില്‍ നിന്നാണ് വൈഭവ് 500 റണ്‍സ് നേടിയത്.
മാക്സ്വെല്‍ 260 പന്തുകളില്‍ നിന്നായിരുന്നു മുന്‍പ് ഈ നേട്ടം കൈവരിച്ചത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പ്രിന്‍സ് യാദവ് എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഫോര്‍ അടിച്ചുകൊണ്ടാണ് വൈഭവ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍, ഈ മത്സരത്തില്‍ വലിയൊരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ താരത്തിന് സാധിച്ചില്ല. 11 പന്തില്‍ 8 റണ്‍സ് എടുത്ത വൈഭവിനെ മൊഹ്സിന്‍ ഖാന്‍ പുറത്താക്കി. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട് സൂര്യവന്‍ഷി. ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 254 റണ്‍സാണ് 15കാരന്‍ നേടിയത്. 78 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 36.28 ശരാശരിയും 220.86 സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ട്.
സീസണില്‍ തുടര്‍ച്ചയായ നാല് വിജയങ്ങളുമായി കുതിപ്പ് തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മറുഭാഗത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വലിയ പ്രതിസന്ധിയിലാണ്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങളാണ് അവര്‍ നേരിട്ടത്. ഈ സീസണില്‍ ഇതുവരെ സ്വന്തം നാട്ടില്‍ ജയിക്കാന്‍ ലഖ്നൗവിനായിട്ടില്ല, അതേസമയം രാജസ്ഥാനാകട്ടെ എവേ മത്സരങ്ങളില്‍ ഇതുവരെ ജയം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!