അപകടകരമായ പിച്ച്, ബൗണ്‍സര്‍ ഹെല്‍മറ്റില്‍ തട്ടി വെസ്റ്റ് ഇന്‍ഡീസ് താരം വീണു; മത്സരം ഉപേക്ഷിച്ചു

Published : Apr 22, 2026, 08:04 PM IST
West Indies

Synopsis

വെസ്റ്റ് ഇന്‍ഡീസ് ആഭ്യന്തര ക്രിക്കറ്റില്‍ പിച്ചിന്റെ മോശം അവസ്ഥയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ട്രിനിഡാഡ് പേസര്‍ ജെയ്ഡന്‍ സീല്‍സിന്റെ ബൗണ്‍സര്‍ ലീവാര്‍ഡ് ഐലന്‍ഡ്സ് ബാറ്റര്‍ ജെറമിയ ലൂയിസിന്റെ ഹെല്‍മറ്റില്‍ തട്ടിയതിനെത്തുടര്‍ന്നാണ് സംഭവം. 

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് ആഭ്യന്തര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പിച്ചിന്റെ മോശം അവസ്ഥയെത്തുടര്‍ന്ന് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ലീവാര്‍ഡ് ഐലന്‍ഡ്സും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയും തമ്മില്‍ നടന്ന മത്സരമാണ് കളിക്കാര്‍ക്ക് സുരക്ഷിതമല്ലെന്ന് കണ്ട് അധികൃതര്‍ നിര്‍ത്തിവെച്ചത്. മത്സരത്തിന്റെ മൂന്നാം ദിവസം ലീവാര്‍ഡ് ഐലന്‍ഡ്സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ട്രിനിഡാഡ് പേസര്‍ ജെയ്ഡന്‍ സീല്‍സിന്റെ പന്ത് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങി ബാറ്റര്‍ ജെറമിയ ലൂയിസിന്റെ ഹെല്‍മറ്റില്‍ ഇടിക്കുകയായിരുന്നു.

പന്തിന്റെ ആഘാതത്തില്‍ നിലത്തുവീണ ലൂയിസ്, ക്രോധത്തോടെ തന്റെ ഹെല്‍മറ്റ് തൊഴിച്ചുതെറിപ്പിച്ചാണ് കളം വിട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

 

 

സീല്‍സിന്റെ ഏഴ് വിക്കറ്റ് നേട്ടം വെറുതെയായി

മത്സരം ഉപേക്ഷിക്കുമ്പോള്‍ ലീവാര്‍ഡ് ഐലന്‍ഡ്സ് 140 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലായിരുന്നു. വീണ ഏഴ് വിക്കറ്റുകളും സ്വന്തമാക്കിയത് ജെയ്ഡന്‍ സീല്‍സ് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ പിച്ച് അപകടകരമാണെന്ന് അമ്പയര്‍മാര്‍ വിധിച്ചതോടെ സീല്‍സിന്റെ ഈ തകര്‍പ്പന്‍ പ്രകടനം ഫലം കാണാതെ പോയി. പിച്ചിന്റെ സ്വഭാവം പ്രവചനാതീതമാണെന്നും കളിക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്റെ വിശദീകരണം

പിച്ച് അറ്റകുറ്റപ്പണി നടത്തി കളി തുടരാന്‍ സാധിക്കില്ലെന്ന് ക്യുറേറ്റര്‍ അറിയിച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് തീരുമാനിച്ചത്. ''കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെടുത്തത്. മത്സരത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി ഇരു ടീമുകള്‍ക്കും അതുവരെയുള്ള പോയിന്റുകള്‍ നല്‍കും. മെയ് 17 മുതല്‍ 20 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ഇതേ സ്റ്റേഡിയത്തിലെ പിച്ച് മികച്ച രീതിയില്‍ സജ്ജമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.'' ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസ്താവനയില്‍ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫിറ്റ്‌നെസ് പരീക്ഷ പാസാകുമോ ധോണിയും രോഹിത്തും? മുംബൈ-ചെന്നൈ പോരിന് മുമ്പ് നിര്‍ണായക വിവരം പുറത്ത്
'രോഹിത്തിനോട് ഞാന്‍ ക്ഷമ ചോദിച്ചു'; 2011 ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതില്‍ ഇന്നും വേദനയുണ്ടെന്ന് ശ്രീകാന്ത്