230 സ്ഥാനങ്ങള്‍ മറികടന്നു, ടി20 റാങ്കിംഗിന്‍ വന്‍ കുതിപ്പുമായി വൈഭവ് സൂര്യവംശി; അഭിഷേകിന് തിരിച്ചടി

Published : Jul 29, 2026, 05:10 PM IST
Vaibhav Suryavanshi

Synopsis

സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ, ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 48-ാം റാങ്കിലെത്തി. പരമ്പരയിലെ ടോപ് സ്കോററായ സൂര്യവംശി നേട്ടമുണ്ടാക്കിയപ്പോൾ, മോശം ഫോമിലുള്ള അഭിഷേക് ശർമ്മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇഷാൻ കിഷൻ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ദുബായ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മിന്നുന്ന തുടക്കത്തിന് പിന്നാലെ ഇന്ത്യന്‍ യുവ ഓപ്പണര്‍ വൈഭവ് സൂര്യവംശിക്ക് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 230 സ്ഥാനങ്ങള്‍ ഉയര്‍ന്ന് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 48-ാം സ്ഥാനത്തേക്കെത്തി വൈഭവ്. ഹരാരെയില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് 15 കാരനായ താരം കാഴ്ചവെച്ചത്. 50.33 ശരാശരിയില്‍ 151 റണ്‍സ് നേടിയ താരം പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറി.

താരത്തിന്റെ മികവില്‍ സിംബാബ്വെയെ ഇന്ത്യ 3-0ത്തിന് തൂത്തുവാരി. തകര്‍ത്താടിയ സൂര്യവംശി തന്റെ കരിയറിലെ ആദ്യ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും 19 പന്തില്‍ അര്‍ധ ശതകം നേടി ഗംഭീര തുടക്കമാണ് താരം നല്‍കിയത്. പരമ്പരയുടെ അവസാന മത്സരത്തിലാകട്ടെ 49 പന്തില്‍ നിന്ന് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 81 റണ്‍സും താരം നേടി. ഇതോടെ അന്താരാഷ്ട്ര പുരുഷ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ 16 വയസ് തികയുന്നതിന് മുന്‍പ് ഒന്നിലധികം അര്‍ധ ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തം പേരിലാക്കി.

അതേസമയം, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍ മോശം ഫോമിലുള്ള അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാന്‍ താരം സഹിബ്‌സാദ ഫര്‍ഫാന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, ശ്രീലങ്കയുടെ പതും നിസ്സങ്ക എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ ആറാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ജോസ് ബ്ടലര്‍, ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കയുടെ ഡിവാള്‍ഡ് ബ്രേവിസ് എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഐസിസി ടി20 റാങ്കിംഗ്

ഇഷാന്‍ കിഷന്‍ - ഒന്നാം സ്ഥാനം (910 റേറ്റിംഗ് പോയിന്റ്)

അഭിഷേക് ശര്‍മ - മൂന്നാം സ്ഥാനം (819)

തിലക് വര്‍മ - ആറാം സ്ഥാനം (750)

സൂര്യകുമാര്‍ യാദവ് - 19-ാം സ്ഥാനം (653)

ശ്രേയസ് അയ്യര്‍ - 24-ാം സ്ഥാനം (630)

ശിവം ദുബെ - 30-ാം സ്ഥാനം (580)

സഞ്ജു സാംസണ്‍ - 33-ാം സ്ഥാനം (575)

വൈഭവ് സൂര്യവംശി - 48-ാം സ്ഥാനം (536)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടീം ഇന്ത്യയോട് 'ഗുഡ്‌ബൈ' പറഞ്ഞ് മണിക്കൂറുകൾക്കകം പുതിയ ചുമതലയേറ്റെടുത്ത് ഗംഭീറിന്‍റെ വിശ്വസ്തൻ ഡോഷെറ്റെ
വിൻഡീസിനോടും തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ