ടീം ഇന്ത്യയോട് 'ഗുഡ്‌ബൈ' പറഞ്ഞ് മണിക്കൂറുകൾക്കകം പുതിയ ചുമതലയേറ്റെടുത്ത് ഗംഭീറിന്‍റെ വിശ്വസ്തൻ ഡോഷെറ്റെ

Published : Jul 29, 2026, 01:05 PM IST
Assistant Coach Ryan ten Doeschate

Synopsis

കൊല്‍ക്കത്തയുടെ ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി എന്ന നിലയില്‍ നൈറ്റ് റൈഡേഴ്സിന്‍റെ ആഗോള ഫ്രാഞ്ചൈസികളിലെ സ്‌കൗട്ടിങ്, താരങ്ങളുടെ റിക്രൂട്ട്‌മെന്‍റ്, സ്‌ക്വാഡ് പ്ലാനിങ്, പ്രകടന വിലയിരുത്തൽ എന്നിവ ഡോഷെറ്റെയുടെ ചുമതലയിലാവും.

മുംബൈ: വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് പദവി ഒഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപ് പുതിയ ചുമതല ഏറ്റെടുത്ത് നെതർലൻഡ്സ് മുൻ ഓൾറൗണ്ടർ റയാൻ ടെൻ ഡോഷെറ്റെ. ഐപിഎല്‍ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള 'നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്‍റെ' ആഗോള ക്രിക്കറ്റ് സ്ട്രാറ്റജി തലവനായാണ് ടെൻ ഡോഷെറ്റെ നിയമിതനായത്. 2027 വരെ കരാർ നീട്ടിനൽകാമെന്ന ബിസിസിഐ ഓഫർ നിരസിച്ചാണ് ഡോഷെറ്റെ ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങിയത്. ഇതിന് പിന്നാലെയാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് കൊല്‍ക്കത്തയിൽ പുതിയ ചുമതല ഏറ്റെടുത്തത്.

കൊല്‍ക്കത്തയുടെ ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി എന്ന നിലയില്‍ നൈറ്റ് റൈഡേഴ്സിന്‍റെ ആഗോള ഫ്രാഞ്ചൈസികളിലെ സ്‌കൗട്ടിങ്, താരങ്ങളുടെ റിക്രൂട്ട്‌മെന്‍റ്, സ്‌ക്വാഡ് പ്ലാനിങ്, പ്രകടന വിലയിരുത്തൽ എന്നിവ ഡോഷെറ്റെയുടെ ചുമതലയിലാവും. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ഐ.എൽ.ടി20യിൽ അബുദാബി നൈറ്റ് റൈഡേഴ്സ്, മേജർ ലീഗ് ക്രിക്കറ്റിൽ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ അസിസ്റ്റന്‍റ് കോച്ചായും ഡോഷെറ്റെ പ്രവർത്തിക്കും.

ഡോഷെറ്റയെ വീണ്ടും നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് നൈറ്റ് റൈഡേഴ്സ് സ്പോർട്സ് സിഇഒ വെങ്കി മൈസൂർ പറഞ്ഞു. ടീമിന്‍റെ ലക്ഷ്യങ്ങളെയും ശൈലിയെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വ്യക്തമായ ധാരണയും അനുഭവസമ്പത്തും ഈ ദൗത്യത്തിന് ഏറ്റവും അനുയോജ്യമാണെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി. നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും, ആഗോളതലത്തിൽ പുതിയ കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നതിനും ദീർഘകാല ക്രിക്കറ്റ് തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്നും 45-കാരനായ ഡോഷെറ്റെ പ്രതികരിച്ചു. കൊല്‍ക്കത്തയുമായി പതിറ്റാണ്ട് നീണ്ട ബന്ധമാണ് ടെൻ ഡോഷെറ്റയ്ക്കുള്ളത്. 2011ൽ കളിക്കാരനായി കൊല്‍ക്കത്തയിലെത്തിയ ഡോഷെറ്റെ 2012 ലും 2014ലും ടീം കിരീടം നേടിയപ്പോള്‍ നിർണായക താരമായിരുന്നു. 2022ൽ വിരമിച്ചശേഷം കോച്ചിങ് സ്റ്റാഫായി ടീമിൽ തിരിച്ചെത്തി. ഗൗതം ഗംഭീറിന്‍റെ മെന്‍റര്‍ഷിപ്പിന് കീഴിൽ കൊല്‍ക്കത്ത മൂന്നാം ഐപിഎൽ കിരീടം നേടുമ്പോൾ സപ്പോർട്ടിങ് സ്റ്റാഫിലെ പ്രധാനിയായിരുന്നു ഡോഷെറ്റെ.

2024 ജൂലൈയിലാണ് ഗൗതം ഗംഭീർ ഇന്ത്യൻ ഹെഡ് കോച്ചായപ്പോൾ ഡോഷെറ്റ അസിസ്റ്റന്‍റ് കോച്ചായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്‍റെ കാലയളവിൽ ഇന്ത്യ 2025 ഏഷ്യ കപ്പും 2026 ടി20 ലോകകപ്പും സ്വന്തമാക്കിയിരുന്നു. 2027 വരെ തുടരാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും, നിരന്തരമായ യാത്രകൾ ഒഴിവാക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് അദ്ദേഹം കരാർ പുതുക്കാതിരുന്നത്. തുടർച്ചയായ അന്താരാഷ്ട്ര പര്യടനങ്ങൾക്ക് പകരം ഫ്രാഞ്ചൈസി ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഡോഷെറ്റെയുടെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിൻഡീസിനോടും തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ
ആളാകെ മാറി, ലങ്കൻ ക്യാപ്റ്റന്റെ അവിശ്വസനീയ രൂപമാറ്റം കണ്ട് അമ്പരന്ന് ആരാധകർ, വീണ്ടും ചർച്ചയായി 'ബരിയാട്രിക് സർജറി'