'എനിക്ക് വിക്കറ്റെടുക്കാനാവുമെന്ന് ഇഷാന്‍ കിഷന്‍ മനസിലാക്കിയിരുന്നില്ല'; തമാശയോടെ വൈവഭവ് സൂര്യവംശി

Published : Aug 29, 2026, 07:37 PM IST
Vaibhav Suryavanshi

Synopsis

ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി കളിച്ച കൗമാര താരം വൈഭവ് സൂര്യവംശി പന്തുകൊണ്ട് തിളങ്ങി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ താരം, തന്റെ ബൗളിംഗ് കഴിവിനെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ കുറച്ചുകാണുകയായിരുന്നുവെന്ന് തമാശയായി പറഞ്ഞു.

ബെംഗളൂരു: മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഇതിനകം ശ്രദ്ധനേടിയ കൗമാര താരം വൈഭവ് സൂര്യവംശിക്ക് പന്തുകൊണ്ടും തിളങ്ങാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ്. ബെംഗളൂരുവില്‍ നടന്ന ദുലീപ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈസ്റ്റ് സോണിനായി പന്തെടുത്ത പതിനഞ്ചുകാരനായ വൈഭവ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. തനിക്ക് വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് മനസിലായിരുന്നില്ലെന്നും തന്നെ കിഷന്‍ കുറച്ചുകാണുകയായിരുന്നുവെന്നും മത്സര ശേഷം താരം തമാശയായി പറഞ്ഞു.

നോര്‍ത്ത് ഈസ്റ്റ് സോണിനോട് ഫോളോഓണ്‍ ആവശ്യപ്പെട്ട ഈസ്റ്റ് സോണിന് വിക്കറ്റുകള്‍ ആവശ്യമായി വന്നപ്പോഴാണ് വൈഭവ് പന്തുമായി എത്തിയത്. മൂന്ന് ഓവര്‍ മാത്രം പന്തെറിഞ്ഞ താരം നാലാമത്തെ പന്തില്‍ തന്നെ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 25 റണ്‍സ് എടുത്ത കിഷന്‍ ലിങ്‌ധോയെ പുറത്താക്കിയ താരം, മൂന്ന് പന്തുകള്‍ക്ക് ശേഷം ഇംലിവതി ലെംതുറിനെയും മടക്കി അയച്ചു. തന്റെ ഇടംകൈ സ്പിന്‍ ബൗളിംഗിലൂടെയാണ് താരം രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്.

ബാറ്റര്‍മാര്‍ക്ക് എപ്പോഴും പന്തെറിയാന്‍ വലിയ താല്‍പ്പര്യമായിരിക്കുമെന്നും, കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാത്തതിനാല്‍ ടീമിന് പന്തുകൊണ്ട് സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും വൈഭവ് വ്യക്തമാക്കി. തനിക്ക് മൂന്ന് ഓവര്‍ മാത്രമാണ് ലഭിച്ചതെങ്കിലും പരമാവധി മികച്ച രീതിയില്‍ പന്തെറിയാനാണ് ശ്രമിച്ചതെന്നും ഒരു ബാറ്റര്‍ വിക്കറ്റ് വീഴ്ത്തുമ്പോഴുള്ള സന്തോഷം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ലെന്നും ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായ വൈഭവിന് ബാറ്റിംഗില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല (6 പന്തില്‍ 8 റണ്‍സ്). എന്നാല്‍ ബൗളിംഗില്‍ തിളങ്ങാന്‍ കഴിഞ്ഞത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെ ഇന്നിങ്‌സിനും 210 റണ്‍സിനുമാണ് ഈസ്റ്റ് സോണ്‍ വിജയം സ്വന്തമാക്കിയത്. ഞായറാഴ്ച ബെംഗളൂരുവില്‍ സെന്‍ട്രല്‍ സോണിനെതിരായി നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് സോണിനായി വൈഭവ് വീണ്ടും കളത്തിലിറങ്ങും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ വമ്പൻ ജയം നേടിയിട്ടും നോക്കൗട്ട് നഷ്ടമായി കേരളം
ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ സ്മൃതി മന്ദാനക്ക് വിജയത്തുടക്കം, സിംബാബ്‌വെക്കെതിരെ വിറച്ചു ജയിച്ച് ഇന്ത്യ