വിരാട് കോലിയല്ല, എക്കാലത്തേയും മികച്ച ഇന്ത്യന്‍ താരത്തെ തെരഞ്ഞെടുത്ത് ആര്‍ അശ്വിന്‍

Published : Aug 29, 2026, 06:22 PM IST
ravichandran ashwin

Synopsis

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരത്തെ ആർ അശ്വിൻ തിരഞ്ഞെടുത്തു. വിരാട് കോലി, എം.എസ്. ധോണി തുടങ്ങിയവരെ പിന്തള്ളി, ഫൈനലിൽ കപിൽ ദേവിനെ തോൽപ്പിച്ച് സച്ചിൻ ടെണ്ടുൽക്കറെയാണ് അശ്വിൻ മികച്ച താരമായി പ്രഖ്യാപിച്ചത്.

ഡബ്ലിന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്ത് മുന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായുള്ള അഭിമുഖത്തിനിടയിലാണ് വിവിധ തലമുറകളിലെ മികച്ച ഇന്ത്യന്‍ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നോക്കൗട്ട് ബ്രാക്കറ്റിലൂടെ അശ്വിന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിരാട് കോലി, എം.എസ്. ധോണി തുടങ്ങിയ വമ്പന്മാരെ പിന്തള്ളി ഒടുവില്‍ കപില്‍ ദേവിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ നേട്ടം സ്വന്തമാക്കിയത്. വ്യത്യസ്ത കാലഘട്ടങ്ങളിലെയും ഫോര്‍മാറ്റുകളിലെയും താരങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ചില കൗതുകകരമായ തിരഞ്ഞെടുപ്പുകളാണ് അശ്വിന്‍ നടത്തിയത്.

വിരാട് കോലിയെയും ജസ്പ്രീത് ബുംറയെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഖാമുഖം നിര്‍ത്തിയപ്പോഴായിരുന്നു ഇതില്‍ ഏറ്റവും വലിയ ആശ്ചര്യമുണ്ടായത്. ടെസ്റ്റ് ക്രിക്കറ്റിലെയും മറ്റ് ഫോര്‍മാറ്റുകളിലെയും കോലിയുടെ റെക്കോര്‍ഡുകള്‍ പരിഗണിക്കുമ്പോള്‍ ഈ തീരുമാനം കഠിനമായിരുന്നുവെന്ന് അശ്വിന്‍ സമ്മതിച്ചു. എങ്കിലും താനൊരു ബൗളറായതിനാല്‍ അല്‍പ്പം പക്ഷപാതപരമായി ചിന്തിച്ച് ജസ്പ്രീത് ബുംറയെ തിരഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു കടുത്ത തീരുമാനമായിരുന്നു എം എസ് ധോണിയും രവീന്ദ്ര ജഡേജയും തമ്മിലുള്ള മത്സരം.

ജഡേജയെ തിരഞ്ഞെടുക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, നായകനെന്ന നിലയിലുള്ള മികവും ടെസ്റ്റ്, ഏകദിന ക്രിക്കറ്റിലെ സംഭാവനകളും കണക്കിലെടുത്ത് അശ്വിന്‍ ധോണിയെ തെരഞ്ഞെടുത്തു. എന്നാല്‍ അടുത്ത ഘട്ടത്തില്‍ വീരേന്ദര്‍ സെവാഗിനോട് ധോണി തോല്‍വി വഴങ്ങി. ആദ്യ റൗണ്ടില്‍ ഇതിഹാസ താരം സുനില്‍ ഗാവസ്‌കറെ ഒഴിവാക്കേണ്ടി വന്നത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയതായി സെവാഗിനെ തിരഞ്ഞെടുത്തുകൊണ്ട് അശ്വിന്‍ വ്യക്തമാക്കി.

ആദ്യ റൗണ്ടില്‍ വിജയ് ഹസാരെയ്ക്കെതിരെ സച്ചിനെയും, രോഹിത് ശര്‍മ്മയ്ക്കെതിരെ കോലിയെയും, വിനൂ മങ്കാദിനെതിരെ രാഹുല്‍ ദ്രാവിഡിനെയും, അനില്‍ കുംബ്ലെയ്ക്കെതിരെ ബുംറയെയും അശ്വിന്‍ തിരഞ്ഞെടുത്തു. സ്വന്തം പേര് സൗരവ് ഗാംഗുലിക്കൊപ്പം വന്നപ്പോള്‍ യാതൊരു സംശയവുമില്ലാതെ ഗാംഗുലിയെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

സെമിഫൈനലില്‍ സെവാഗിനെ സച്ചിനും, ബുംറയെ കപില്‍ ദേവും തോല്‍പ്പിച്ചു. 1983-ലെ ലോകകപ്പ് വിജയവും കപില്‍ ദേവിന്റെ ഓള്‍റൗണ്ട് മികവുമാണ് ബുംറയെ ഒഴിവാക്കി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ അശ്വിനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് നടന്ന ഫൈനലില്‍ കപില്‍ ദേവും സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മില്‍ ഏറ്റുമുട്ടി. തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളും കൂടി കണക്കിലെടുത്താണ് ഒടുവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ താരമായി അശ്വിന്‍ പ്രഖ്യാപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ പാകിസ്ഥാന്റെ ബാറ്റിംഗ് തകര്‍ച്ച; രണ്ടാം ഡിവിഷന്‍ കൗണ്ടി ടീമിനോട് ഉപമിച്ച് മൈക്കല്‍ വോണ്‍
യൂണിവേഴ്‌സല്‍ ബോസ് സാക്ഷി; കൊച്ചി ബ്ലൂടൈഗേഴ്‌സിന് വേണ്ടി അര്‍ധ സെഞ്ചുറി നേടി മനു കൃഷ്ണന്‍