
ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കെതിരെ യുഎഇക്ക് 434 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും(95 പന്തില്‍ 171) മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവിൽ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സടിച്ചു. ക്യാപ്റ്റൻ ആയുഷ് മാത്രെയെ മൂന്നാം ഓവറില്‍ നഷ്ടമായശേഷ രണ്ടാം വിക്കറ്റില്‍ 146 പന്തില്‍ 212 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ വൈഭവ് സൂര്യവന്‍ഷി-ആരോണ്‍ ജോർജ് സഖ്യമാണ് ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന് അടിത്തറയിട്ടത്. യുഎഇക്കായി യുഗ് ശര്‍മയും ഉദ്ദിഷ് സൂരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആരോണ്‍ ജോര്‍ജ്ജും ചേര്‍ന്ന് 146 പന്തില്‍ 212 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചു. 56 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് സെഞ്ചുറിക്ക് ശേഷം നേരിട്ട 39 പന്തില്‍ 71 റണ്‍സ് കൂടി അടിച്ചശേഷമാണ് പുറത്തായത്. 14 സിക്സും 9 ഫോറും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്. 57 പന്തിലാണ് കോട്ടയം സ്വദേശിയായ ആരോണ്‍ ജോര്‍ജ് അര്‍ധശതകം തികച്ചത്.
73 പന്തില്‍ 69 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജ് പുറത്തായശേഷം ക്രീസിലെത്തിയ വിഹാന്‍ മല്‍ഹോത്രയും തകര്‍ത്തടിച്ചു. 55 പന്തില്‍ 69 റണ്‍സെടുത്ത വിഹാൻ മല്‍ഹോത്രക്ക് പുറമെ വേദാന്ത് ത്രിവേദി 34 പന്തില്‍ 38ഉം വിക്കറ്റ് കീപ്പര്‍ അഭിഗ്യാ കുണ്ടു 17 പന്തില്‍ 32 റണ്‍സും കനിഷ്ക് ചൗഹാന്‍ 12 പന്തില്‍ 28ഉം റണ്‍സെടുത്ത് ഇന്ത്യയെ 400 കടത്തി. 5 റണ്‍സുമായി ഖിലൻ പട്ടേല്‍ പുറത്താകാതെ നിന്നു. നാലു റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റൻ ആയുഷ് മാത്രെ മാത്രമാണ് ഇന്ത്യൻ നിരയില്‍ നിരാശപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!