
ലക്നൗ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന റെക്കോർഡുമായി (27 കോടി രൂപ) ലക്നൗ സൂപ്പർ ജയന്‍റ്സിന്‍റെ നായകസ്ഥാനം ഏറ്റെടുത്ത റിഷഭ് പന്ത് ഐപിഎല്‍ പത്തൊമ്പതാം സീസണിലെ ആദ്യ മത്സരം കഴിഞ്ഞപ്പോഴെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്ക റിഷഭ് പന്തുമായി ചൂടേറിയ ചര്‍ച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്ത് 9 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി.
വൈറ്റ് ബോള്‍ ടീമില്‍ സ്ഥാനം കിട്ടാൻ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ എന്നിവരിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് റിഷഭ് പന്ത് നേരിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥാനം ഉറപ്പാണെങ്കിലും ടി20, ഏകദിന മത്സരങ്ങളിൽ പന്തിന് ടീമിലടമുറപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഐപിഎല്ലില്‍ ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്ത് രാജസ്ഥാൻ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് ശൈലി മാതൃകയാക്കണമെന്ന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ.
പന്തിനെപ്പോലെ തന്നെ സ്വതന്ത്രമായി ബാറ്റ് ചെയ്യുന്ന താരമാണ് സൂര്യവംശി. പന്ത് വീണ്ടും പഴയതുപോലെ ക്രീസിൽ ആധിപത്യം സ്ഥാപിക്കണം. മൂന്നാം നമ്പറിൽ ഇറങ്ങി 48 പന്തിൽ സെഞ്ച്വറി അടിക്കാൻ എനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസമാണ് പന്തിന് വേണ്ടത്. സൂര്യവംശിയുടെ നിര്‍ഭയ ബാറ്റിംഗ് റിഷഭ് പന്തും മാതൃകയാക്കണമെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു.
മുൻ ഇന്ത്യൻ താരം സഹീർ ഖാനും പന്തിന്‍റെ ടി20 കരിയറിനെക്കുറിച്ച് പ്രതികരിച്ചു. പന്തിന്‍റെ ടെസ്റ്റ് പ്രകടനം അതിഗംഭീരമായത് കൊണ്ടാണ് ടി20യിൽ ആളുകൾ അതേ നിലവാരം പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിൽ പത്ത് വർഷത്തെ അനുഭവസമ്പത്തുള്ള താരം 3000 റൺസ് നേടിയിട്ടുണ്ട്. എങ്കിലും ടി20യിൽ ബാറ്റിംഗ് പൊസിഷനിൽ ഒരു സ്ഥിരത വരുത്താൻ പന്തിന് സാധിക്കണം. ഏത് നമ്പറിലും ബാറ്റ് ചെയ്യാമെന്നത് ഗുണമാണെങ്കിലും പന്തിന്‍റെ കാര്യത്തിൽ അത് ഒരു ആശയക്കുഴപ്പത്തിന് കാരണമാകുന്നുവെന്നും സഹീർ ചൂണ്ടിക്കാട്ടി. ലക്നൗ ടീമിലെ ക്യാപ്റ്റൻ സ്ഥാനം ഉറപ്പിക്കാനും ഇന്ത്യൻ വൈറ്റ് ബോള്‍ ടീമിലേക്കുള്ള മടങ്ങിവരവിനും പന്തിന് ഈ ഐപിഎൽ സീസൺ നിർണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!