വനിതാ ടി20 ചലഞ്ച്: ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിക്ക് ജയം

By Web TeamFirst Published Nov 4, 2020, 10:58 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വെലോസിറ്റി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഷാര്‍ജ: വനിത ടി20 ചലഞ്ചില്‍ ആദ്യജയം മിതാലി രാജിന്റെ വെലോസിറ്റിക്ക്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിനെതിരെ അവസാന ഓവറില്‍ അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ്  വെലോസിറ്റി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വെലോസിറ്റി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

സുഷമ വര്‍മ (33 പന്തില്‍ 34), സുനെ ലുസ് (21 പന്തില്‍ പുറത്താവാതെ 37) എന്നിവരുടെ ഇന്നിങ്‌സാണ് വെലോസിറ്റിയെ വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വേദ കൃഷ്ണമൂര്‍ത്തി (28 പന്തില്‍ 29) നിര്‍ണായക സംഭവാന നല്‍കി. ഒരു ഘട്ടത്തില്‍ 13 ഓവറില്‍ നാലിന് 65 എന്ന നിലയിലായിരുന്നു വെലോസിറ്റി. പിന്നീട് ഇവരുടെ കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ശിഖ പാണ്ഡ (2) പുറത്താവാതെ നിന്നു. വേദ, സുഷമ എന്നിവര്‍ക്ക് പുറമെ ഡാനിയേല വ്യാട്ട് (0), ഷെഫാലി വര്‍മ (17), മിതാലി രാജ് (7) എന്നിവരുടെ വിക്കറ്റുകളാണ് വെലോസിറ്റിക്ക് നഷ്ടമായത്. സൂപ്പര്‍നോവാസിന് വേണ്ടി അയബോംഗ ഖക രണ്ട് വിക്കറ്റെടുത്തു. രാധ യാദവ, ശശികല സിരിവര്‍ധനെ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ, ചമാരി അട്ടപ്പത്തു (39 പന്തില്‍ 44)വാണ് സൂപ്പര്‍നോവാസിനെ പൊരുതാവുന്ന് സ്‌കോറിലേക്ക് നയിച്ചത്.  ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (31) അട്ടപ്പത്തുവുമായി 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പ്രിയ പൂനിയ (11),  ജമീമ റോഡ്രിഗസിന് (7), ശശികല സിരിവര്‍ധനെ (18), പൂജ വസ്ട്രകര്‍ (0), രാധ യാദവ് (2), ഷകേറ സല്‍മാന്‍ (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. താനിയ ഭാട്ടിയ (0) പുറത്താവാതെ നിന്നു. വെലോസിറ്റിക്കായി എക്താ ബിഷ്ട് മൂന്നും ജഹനാര ആലം, ലൈഗ് കാസ്‌പെരേക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

click me!