
ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് കെ എല്‍ രാഹുല്‍. വിമര്‍ശകരില്‍ പ്രധാനി മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദായിരുന്നു. ഇരുപത് വര്‍ഷത്തിനിടെ ഇത്രമോശമായി കളിച്ചൊരു ഇന്ത്യന്‍ താരം ഉണ്ടാവില്ലെന്നാണ് പ്രസാദ് പറഞ്ഞിരുന്നത്. രാഹുല്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലും പരാജയപ്പെട്ടതോടെയാണ് വെങ്കടേഷ് പ്രസാദ് രൂക്ഷവിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്.
എന്നാല്‍ ഓസ്ട്രലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുപ്പോള്‍ പ്രകീര്‍ത്തിക്കാനും പ്രസാദ് മറന്നില്ല. മികച്ച ഇന്നിംഗ്‌സായിരുന്നു രാഹുലിന്റേതെന്ന് പ്രസാദ് വ്യക്തമാക്കി. പ്രസാദ് ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ... ''കടുത്ത സമ്മര്‍ദ്ദത്തിനിടെ ശാന്തതയോടെ ബാറ്റേന്താന്‍ രാഹുലിന് സാധിച്ചു. ഗംഭീര ഇന്നിംഗ്‌സായിരുന്നു രാഹുലിന്റേത്. ഇന്ത്യയുടെ വിജയത്തില്‍ രവീന്ദ്ര ജഡേജ നിര്‍ണായക പിന്തുണയും നല്‍കി.'' പ്രസാദ് കുറിച്ചിട്ടു.
നേരത്തെ, ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ പരാജയപ്പെട്ടപ്പോള്‍ പ്രസാദ് പറഞ്ഞതിങ്ങനെയായിരുന്നു. ''രാഹുലിനെ കളിപ്പിക്കുന്നതിലൂടെ മറ്റ് താരങ്ങളുടെ അവസരമാണ് നഷ്ടമാവുന്നത്. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ കാഴ്ചക്കാരനായി ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നവരെയും രാഹുലിനുവേണ്ടി തഴയുന്നു. പ്രതിഭയുള്ള താരമാണെങ്കിലും അതിനോട് നീതിപുലര്‍ത്താന്‍ രാഹുലിന് കഴിയുന്നില്ല. മായങ്ക് അഗര്‍വാളിന് രണ്ട് ഇരട്ട സെഞ്ചുറിയോടെ 41 റണ്‍സ് ശരാശരിയുണ്ട്. ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമിലാണ്. സര്‍ഫറാസ് ഖാന്‍ ഇപ്പോഴും കാത്തിരിക്കുന്നു. രാഹുലിനെ സ്ഥിരം ഉള്‍പ്പെടുത്തുന്നതോടെ കഴിവുള്ള ഒരുപാട് താരങ്ങള്‍ക്ക് അവസരം നഷ്ടമാവുന്നു.'' പ്രസാദ് വിശദമാക്കി.
ഓസ്‌ട്രേലിയക്കെതിരെ രാഹുല്‍- ജഡേജ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 108 റണ്‍സാണ് മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ സഖ്യം കൂട്ടിചേര്‍ത്തത്. ആറാം വിക്കറ്റിലെ ഈ കൂട്ടുകെട്ട് തന്നെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയക്കെതിരെ നാലാം തവണ മാത്രമാണ് ആറാം വിക്കറ്റില്‍ ഇന്ത്യന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏറ്റവും ഉയര്‍ന്ന റണ്‍സുള്ള കൂട്ടുകെട്ടുണ്ടാക്കിയത് ജഡേജ- ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ്. 2020ല്‍ കാന്‍ബറില്‍ 150 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. സഖ്യം പുറത്തായിരുന്നില്ല. 1999ല്‍ റോബിന്‍ സിംഗ്- സദഗോപന്‍ രമേശ് സഖ്യം 123 റണ്‍സെടുത്തിരുന്നു.
കൊളംബോയിലായിരുന്നു മത്സരം. 2017ല്‍ ചെന്നൈയില്‍ ഹാര്‍ദിക്- എം എസ് ധോണി സഖ്യം 118 റണ്‍സ് നേടി. ഇപ്പോല്‍ രാഹുല്‍- ജഡേജ സഖ്യവും. അതേസമയം, അഞ്ചാം നമ്പറില്‍ മികച്ച പ്രകടനമാണ് രാഹുലിന്റേത്. ഏകദിനത്തില്‍ ഇതുവരെ ഏഴ് ഇന്നിംഗ്‌സുകളാണ് രാഹുല്‍ കളിച്ചത്. 280 റണ്‍സാണ് സമ്പാദ്യം. 56 റണ്‍സ് ശരാശരിയിലാണ് ഈ നേട്ടം. സ്‌ട്രൈക്ക് റേറ്റ് 83.08. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികളും രാഹുല്‍ നേടി. മുംബൈയില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഓസീസ് 188ന് പുറത്തായിരുന്നു.
വിമര്‍ശകരേ വായടക്കൂ! പരിഹാസത്തിന് പിന്നാലെ കെ എല്‍ രാഹുലിനോട് ക്ഷമ ചോദിച്ച് സോഷ്യല്‍ മീഡിയ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!