
മുംബൈ: ഓസ്ട്രേലിയക്കെിതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സര്‍ഫ്രാസ് ഖാന്‍റെ പേരില്ലാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലായി സ്ഥിരതയോടെ റണ്‍സടിച്ചു കൂട്ടിയിട്ടും സര്‍ഫ്രാസിനെ ഇതുവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരെ മധ്യനിരയിലേക്ക് സൂര്യകുമാര്‍ യാദവിനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. 2020നുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ട്രിപ്പിളും രണ്ട് ഡബിളും ഉള്‍പ്പെടെ 12 സെഞ്ചുറികളാണ് സര്‍ഫ്രാസ് അടിച്ചെടുത്തത്.
സര്‍ഫ്രാസിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ വെങ്കടേഷ് പ്രസാദ്. സര്‍ഫ്രാസിനെ അവഗണിച്ചത് അവനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രസാദ് പറഞ്ഞു. ഫിറ്റ്നെസിന്‍റെ പേരില്‍ അവനെ ഇനിയും തഴയരുത്. അവനെക്കാള്‍ തടിയും ഭാരമുള്ളവരുണ്ട് ഇവിടെ. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഇത്രയും മികവ് കാട്ടിയിട്ടും അവനെ ടീമിലെടുത്തില്ല എന്നത് അനീതിയാണെന്ന് മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാണത്.
ഫോര്‍മാറ്റ് ഏതുമായിക്കൊള്ളട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രയും റണ്‍സടിക്കാന്‍ കായികക്ഷമതയുള്ള കളിക്കാരന് ശരീരഭാരം ഒന്നും ഒരു പ്രശ്നമല്ല. അവനെക്കാള്‍ ഭാരമുള്ളവര്‍ ഇവിടെയുണ്ടെന്നും പ്രസാദ് ട്വീറ്ററില്‍ കുറിച്ചു. രഞ്ജി ട്രോപി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഇന്നലെ മുംബൈക്കായി സര്‍ഫ്രാസ് സെഞ്ചുറി നേടിയിരുന്നു.
2020-21 രഞ്ജി സീസണിൽ 154.66 ശരാശരിയിൽ 938 റൺസ് അടിച്ച സര്‍ഫ്രാസ് 2021-22 സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയിരുന്നു. ഈ സീസണിൽ ഇന്നത്തെ മത്സരത്തിന് മുമ്പ് 107.75 ശരാശരിയില്‍ 431 റൺസായിരുന്നു സര്‍ഫ്രാസ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!