
പാകിസ്ഥാൻ സൂപ്പര്‍ ലീഗും (പിഎസ്എല്‍) ഇന്ത്യൻ പ്രീമിയര്‍ ലീഗും (ഐപിഎല്‍) ഇത്തവണ ഏകദേശം ഒരേസമയത്താണ് നടക്കുന്നത്. കാണികളുടെ കാര്യത്തില്‍ ഇരുലീഗുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. താരങ്ങളുടെ സാന്നിധ്യത്തിലും ബിസിനസുപരമായും ഐപിഎല്ലിനെ വെല്ലാൻ മറ്റൊരു ക്രിക്കറ്റ് ലീഗ് ഇന്ന് ലോകത്തില്ലെന്ന് തന്നെ പറയാം. ഈ സാഹചര്യത്തിലാണ് വലിയ അവകാശവാദവുമായി പാക് താരം ഹസൻ അലി രംഗത്ത് എത്തിയിരിക്കുന്നത്.
പിഎസ്എല്ലിന്റെ ഗുണനിലവാരം ഉയരുകയാണെങ്കില്‍ ആരാധകര്‍ ഐപിഎല്‍ ഉപേക്ഷിച്ച് പിഎസ്എല്ലിലേക്ക് എത്തുമെന്നാണ് ഹസൻ അലിയുടെ വാദം.
സാധാരണയായി ഫെബ്രുവരി-മാര്‍ച്ച് മാസത്തിലാണ് പിഎസ്എല്‍ നടക്കാറുള്ളത്. എന്നാല്‍, 2025 ചാമ്പ്യൻസ്ട്രോഫിയുടെ പശ്ചാത്തലത്തില്‍ ഏപ്രിയില്‍-മേയ് മാസങ്ങളിലേക്ക് മാറ്റുകയായിരുന്നു. ഐപിഎല്ലിന്റെ ആഗോളസ്വീകാര്യത മുന്നില്‍ നില്‍ക്കെയാണ് ഹസൻ അലിയുടെ വാദമുണ്ടായിരിക്കുന്നത്. പിഎസ്എല്ലിന്റെ ഭാഗമായ പല താരങ്ങളും ഐപിഎല്ലില്‍ കളിക്കാൻ തീരുമാനമെടുത്തിരുന്നു.
ആരാധകര്‍ കളികാണുന്നത് മികച്ച ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയാണ്. പിഎസ്എല്‍ മികച്ചുനിന്നാല്‍ തീര്‍ച്ചയായും കാണികളുടെ എണ്ണം കൂടുകയും അവര്‍ ഐപിഎല്‍ ഉപേക്ഷിക്കുകയും ചെയ്യും, പിഎസ്എല്ലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹസൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
കറാച്ചി കിംഗ്‌സിന്റെ താരമാണ് ഹസൻ. അന്താരാഷ്ട്ര തലത്തിലെ പാകിസ്ഥാൻ ക്രിക്കറ്റിന്റെ മോശം പ്രകടനത്തെക്കുറിച്ചും ഹസൻ പരാമര്‍ശിച്ചു. പിഎസ്എല്ലുമായി ചേര്‍ത്തായിരുന്നു വാക്കുകള്‍. ദേശീയ ടീം നല്ല പ്രകടനം പുറത്തെടുക്കാതിരുന്ന അത് പിഎസ്എല്‍ പോലുള്ള ഫ്രാഞ്ചൈസ് ലീഗുകളേയും ബാധിക്കും. പാകിസ്ഥാൻ നന്നായി കളിക്കുമ്പോള്‍ പിഎസ്എല്ലിന്റെ ഗ്രാഫും ഉയരാറുണ്ടെന്നും ഹസൻ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന ചാമ്പ്യൻസ്ട്രോഫിക്ക് ആതിഥേയത്വം വഹിച്ചിട്ടും ആദ്യ റൗണ്ടില്‍ പാകിസ്ഥാൻ പുറത്തായിരുന്നു. പിന്നാലെ നടന്ന ന്യൂസിലൻഡ് പര്യടനത്തിലും തിരിച്ചടി നേരിട്ടു. 1-4 എന്ന നിലയിലായിരുന്നു ട്വന്റി 20 പരമ്പര നഷ്ടമായത്. ഏകദിന പരമ്പരയിലെ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്ഥാന് സാധിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!