Vijay Hazare : 'തിരിച്ചുവരവ് പന്തെറിഞ്ഞുകൊണ്ടായിരിക്കണം'; ഹാര്‍ദിക് പാണ്ഡ്യ വിജയ് ഹസാരെ കളിക്കില്ല

By Web TeamFirst Published Dec 7, 2021, 10:05 PM IST
Highlights

ബറോഡ താരമായ ഹാര്‍ദിക് ഫിറ്റ്‌നെസ് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ബൗള്‍  ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ ഹാര്‍ദിക് നടത്തുന്നത്. 

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) നിന്ന് പിന്മാറി. ബറോഡ താരമായ ഹാര്‍ദിക് ഫിറ്റ്‌നെസ് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ബൗള്‍  ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ ഹാര്‍ദിക് നടത്തുന്നത്. 

മുംബൈയിലാണ് (Mumbai) താരം പരിശീലനം നടത്തുന്നത്. 2019ല്‍ തന്റെ പുറം ഭാഗത്ത് ശസ്ത്രക്രിയ നടത്തിയതിന് ശേഷം പാണ്ഡ്യക്ക് പൂര്‍ണമായ ഫിറ്റ്‌നസ് വീണ്ടെടുക്കാനായിട്ടില്ല. തുടര്‍ന്ന് താരം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ടി20 ലോകകപ്പിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും താരത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 

നേരത്തെ, മുംബൈ ഇന്ത്യന്‍സും താരത്തെ നിലനിര്‍ത്തിയിരുന്നില്ല. പിന്നാലെ ഇനി മുംബൈ ടീമിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് സൂചന ഹാര്‍ദിക് നല്‍കിയിരുന്നു. മുംബൈ ടീമുമൊമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ കുറിപ്പിലാണ് ഹാര്‍ദിക് എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്ന് കുറിച്ചത്.

സമീപകാലത്തെ മോശം ഫോമും പരിക്കുമാണ് ഹാര്‍ദിക്കിനെ കൈവിടുന്ന തീരുമാനത്തിലേക്ക് മുംബൈയെ നയിച്ചെതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് നിലനിര്‍ത്തിയത്.

കൈവിട്ട താരങ്ങളില്‍ മൂന്നു പേരെയെങ്കിലും ഐപിഎല്‍ മെഗാ താരലേലത്തില്‍ തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍ തയാറാക്കുമെന്ന് മുംബൈ ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറായ സഹീര്‍ ഖാന്‍  വ്യക്തമാക്കിയെങ്കിലും ഹാര്‍ദ്ദിക് തിരിച്ചുവരാനിടയില്ലെന്നാണ് സൂചന.  കെ എല്‍ രാഹുല്‍ നായകനാകുമെന്ന് കരുതുന്ന ലക്‌നോ ടീമിലേക്കാകും ഹാര്‍ദ്ദിക് പോകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!