കെ എല്‍ രാഹുലിന് ഗംഭീര സെഞ്ചുറി; കര്‍ണാടകയ്‌ക്ക് മികച്ച സ്‌കോര്‍; കേരളം തിരിച്ചടിക്കുന്നു

By Web TeamFirst Published Sep 28, 2019, 2:43 PM IST
Highlights

രാഹുലിനൊപ്പം മനീഷ് പാണ്ഡെയും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 49.5 ഓവറില്‍ 294 റണ്‍സെടുത്തു

ബെംഗളൂരു: ബാറ്റിംഗ് പരാജയങ്ങളുടെ പേരില്‍ കേട്ട പഴികള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി കെ എല്‍ രാഹുല്‍. വിജയ് ഹസാരേ ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടകയ്‌ക്കായി തകര്‍പ്പന്‍ സെഞ്ചുറി(122 പന്തില്‍ 131 റണ്‍സ്) സ്വന്തമാക്കി രാഹുല്‍. രാഹുലിനൊപ്പം മനീഷ് പാണ്ഡെയും(50 റണ്‍സ്) തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 49.5 ഓവറില്‍ 294 റണ്‍സെടുത്തു.

തുടക്കത്തിലെ ദേവ്‌ദത്തിനെയും സിദ്ധര്‍ത്ഥിനെയും നഷ്ടമായെങ്കിലും രാഹുല്‍-മനീഷ് സഖ്യം കര്‍ണാടകയെ കരകയറ്റി. മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ രാഹുല്‍ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ആറാമനായിറങ്ങി 31 റണ്‍സെടുത്ത ശ്രയാസ് ഗോപാലാണ് കര്‍ണാടക്കായി തിളങ്ങിയ മറ്റൊരു താരം. കേരളത്തിനായി ബേസില്‍ തമ്പിയും കെ എം ആസിഫും മൂന്ന് വിക്കറ്റ് വീതവും സന്ദീപ് വാര്യരും വിനൂപ് മനോഹരനും രണ്ട് വിക്കറ്റും വീഴ്‌ത്തി.  

എന്നാല്‍ മറുപടി ബാറ്റിംഗില്‍ കേരളത്തിന്‍റെ തുടക്കം നിരാശയോടെയായി. ഒരു പന്തുപോലും നേരിടും മുന്‍പ് വിനൂപിനെ ജഗദീശ സുചിത്ത് റണൗട്ടാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വിഷ്‌ണു വിനോദ്- സഞ്‌ജു സാംസണ്‍ സഖ്യം കേരളത്തിന് പ്രതീക്ഷ നല്‍കുകയാണ്. വിഷ്‌ണു 25 റണ്‍സുമായും സഞ്‌ജു 40 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. കേരളത്തിന്‍റെ അക്കൗണ്ടില്‍ 14.1 ഓവറില്‍ 65 റണ്‍സാണുള്ളത്. 

click me!