ഒരോവറില്‍ ഏഴ് സിക്‌സുകളോടെ 43, പുറത്താവാതെ 220 റണ്‍സ്; വിജയ് ഹസാരെയില്‍ റുതുരാജ് താണ്ഡവം

By Jomit JoseFirst Published Nov 28, 2022, 1:24 PM IST
Highlights

സഹ ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ 23 പന്തില്‍ 9 റണ്‍സെടുത്ത് 10-ാം ഓവറില്‍ നഷ്‌ടമായിട്ടും വെടിക്കെട്ടുമായി കുതിക്കുകയായിരുന്നു റുതുരാജ് ഗെയ്‌ക്‌വാദ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ മഹാരാഷ്‌ട്രക്കായി നായകനും ഓപ്പണറുമായ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ബാറ്റിംഗ് വിളയാട്ടം. ശിവ സിംഗിന്‍റെ ഒരോവറില്‍ ഏഴ് സിക്‌സുകളോടെ 43 റണ്‍സ് നേടിയ റുതുരാജ് ഓപ്പണറായിറങ്ങി 159 പന്തില്‍ പുറത്താകാതെ 220* റണ്‍സ് നേടിയപ്പോള്‍ മഹാരാഷ്‌ട്ര 50 ഓവറില്‍ 330-5 എന്ന കൂറ്റന്‍ സ്കോറിലെത്തി. 10 ഫോറും 16 സിക്‌സറുകളും റുതുരാജ് ഗെയ്‌ക്‌വാദ് പറത്തി. 

സഹ ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ 23 പന്തില്‍ 9 റണ്‍സെടുത്ത് 10-ാം ഓവറില്‍ നഷ്‌ടമായിട്ടും വെടിക്കെട്ടുമായി കുതിക്കുകയായിരുന്നു റുതുരാജ് ഗെയ്‌ക്‌വാദ്. മൂന്നാമന്‍ സത്യജീത്ത് ബച്ചവ് 16 പന്തില്‍ 11 ഉം അന്‍കിത് ബവ്‌നെ 54 പന്തില്‍ 37 ഉം അസീം കാസി 42 പന്തില്‍ 37 ഉം ദിവ്യാങ് ഹിങ്‌നേക്കര്‍ 2 പന്തില്‍ 1 ഉം റണ്‍സെടുത്ത് പുറത്തായതും റുതുവിനെ തെല്ലും പേടിപ്പെടുത്തിയില്ല. 159 പന്തില്‍ 10 ഫോറും 16 സിക്‌സും ഉള്‍പ്പടെ 220 റണ്‍സുമായി റുതുരാജ് ഗെയ്‌ക്‌വാദ് വിസ്‌മയ ബാറ്റിംഗ് കാഴ്‌ചവെച്ചു. ഇതില്‍ മഹാരാഷ്‌ട്ര ഇന്നിംഗ്‌സിലെ 49-ാം ഓവറില്‍ ശിവ സിംഗിനെ ഏഴ് സിക്‌സുകളോടെ 43 റണ്‍സ് താരം അടിച്ചുകൂട്ടി. ശിവയുടെ ഒരു പന്ത് നോബോളായിരുന്നു. 

ഉത്തര്‍പ്രദേശിനായി കാര്‍ത്തിക് ത്യാഗി 66ന് മൂന്നും അങ്കിത് രജ്‌പൂത് 52നും ശിവം ശര്‍മ്മ 53നും ഓരോ വിക്കറ്റും നേടി. റുതുരാജിന്‍റെ ബാറ്റിംഗ് ചൂട് നന്നായി അറിഞ്ഞ ശിവ സിംഗ് 9 ഓവറില്‍ 88 റണ്‍സ് വഴങ്ങി. ആഭ്യന്തര ക്രിക്കറ്റിലെ ഫോമിലൂടെ വീണ്ടും ഇന്ത്യന്‍ ജേഴ്‌സിക്കായി തന്‍റെ പേര് മുന്നോട്ടുവെക്കുകയാണ് റുതുരാജ് ഗെയ്‌ക്‌വാദ്. 

 

click me!