
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആദ്യ ഏകദിനത്തില്‍ 36 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനായിരുന്നു. എന്നിട്ടും താരത്തെ പരിഗണിച്ചില്ല. മോശം ഫോമിലുള്ള റിഷഭ് പന്തിന് അവസരം ലഭിക്കുകയു ചെയ്തു. സഞ്ജുവിന് പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് കളിച്ചത്. ഫോമിലുള്ള താരത്തെ പുറത്തിരുത്തിയതിലുള്ള യുക്തിയാണ് പലരും ചോദ്യം ചെയ്തത്.
എന്നാല്‍ ഇതിന്റെ കാരണം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ വ്യക്തമാക്കുകയുണ്ടായി. ആറാം ബൗളര്‍ വേണമെന്നിരിക്കെയാണ് സഞ്ജുവിനെ ഒഴിവാക്കിയതന്ന് ധവാന്‍ പറഞ്ഞു. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''കുറച്ച് താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നു. എങ്കിലും ടീം ശക്തമാണ്. ഞങ്ങളുടെ ബെഞ്ച് സ്‌ട്രെംഗ്ത് ശക്തമാണ്. സഞ്ജു ഇന്ന് കളിക്കുന്നില്ല. ഒരു ആറാം ബൗളര്‍ വേണമെന്നുള്ളതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കുന്നത്. പകരം ദീപക് ഹൂഡ കളിക്കും.'' ധവാന്‍ പറഞ്ഞു.
യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും ധവാന്‍ സംസാരിച്ചു. ''യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്. ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്തു. ഉമ്രാന്‍ മാലിക്കിന്റെ ബൗളിംഗും എടുത്തുപറയേണ്ടിയിരിക്കുന്നു. ഒരു ടീമെന്ന നിലയില്‍ പദ്ധതികള്‍ക്കനുസരിച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ക്രൈസ്റ്റ്ചര്‍ച്ചില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പരമ്പരയില്‍ ഒപ്പമെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.'' ധവാന്‍ കൂട്ടിചേര്‍ത്തു.
മത്സരം മഴ മുടക്കിയിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് വൈകിയാണ് മത്സരം തുടങ്ങിയിരുന്നത്. പിന്നാലെ ഇടയ്ക്കിടെ മഴയെത്തിയതും വിനയായി. തുടര്‍ന്ന് മത്സരം 27 ഓവറാക്കി ചുരുക്കിയിരുന്നു. എന്നാല്‍ ഇന്ത്യ 12.5 ഓവറില്‍ ഒന്നിന് 89 എന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴയെത്തി. ശുഭ്മാന്‍ ഗില്‍ (42 പന്തില്‍ 45), സൂര്യകുമാര്‍ യാദവ് (34) എന്നിവരായിരുന്നു ക്രീസില്‍. ശിഖര്‍ ധവാന്റെ (3) വിക്കറ്റായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്. അവസാന ഏകദിനം ബുധനാഴ്ച്ച് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!