ഷോ തുടര്‍ന്ന് പൃഥ്വി; കര്‍ണാടകയെ വീഴ്ത്തി മുംബൈ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

By Web TeamFirst Published Mar 11, 2021, 5:49 PM IST
Highlights

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഷായുടെ(122 പന്തില്‍ 165) സെഞ്ചുറി മികവില്‍ 49.2 ഓവറില്‍ 322 റണ്‍സെടുത്ത് ഓള്‍ ഔട്ടായപ്പോള്‍ 42.4 ഓവറില്‍ 250 റണ്‍സിന് കര്‍ണാടക ഓള്‍ ഔട്ടായി.

ഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയിലെ കര്‍ണാടകയുടെ അപരാജിത കുതിപ്പിന് സെമെയില്‍ ഫുള്‍ സ്റ്റോപ്പിട്ട് മുംബൈ. ഓപ്പണര്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ കര്‍ണാടകയെ 72 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ വിജയ് ഹസാരെ ട്രോഫി ഫൈനലിലെത്തി. ഗുജറാത്തിനെ മറികടന്ന ഉത്തര്‍പ്രദേശാണ് ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഷായുടെ(122 പന്തില്‍ 165) സെഞ്ചുറി മികവില്‍ 49.2 ഓവറില്‍ 322 റണ്‍സെടുത്ത് ഓള്‍ ഔട്ടായപ്പോള്‍ 42.4 ഓവറില്‍ 250 റണ്‍സിന് കര്‍ണാടക ഓള്‍ ഔട്ടായി. തുടര്‍ച്ചയായി നാലു സെഞ്ചുറികളുമായി തകര്‍പ്പന്‍ ഫോമിലായിരുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍(64),  അര്‍ധസെഞ്ചുറി നേടിയെങ്കിലും ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥിനെ(8) തുടക്കത്തിലെ നഷ്ടമായത് കര്‍ണാടകക്ക് തിരിച്ചടിയായി.

മനീഷ് പാണ്ഡെ(1) നിരാശപ്പെടുത്തിയപ്പോള്‍ കരുണ്‍ നായര്‍(29), ശ്രേയസ് ഗോപാല്‍(33), ബിആര്‍ ശരത്(61), കെ ഗൗതം(28) എന്നിവരിലൂടെ കര്‍ണാടക പൊരുതി നോക്കിയെങ്കിലും വിജയവര കടക്കാനായില്ല. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് യശസ്വി ജയ്സ്വാളിനെ(6) തുടക്കത്തിലെ നഷ്ടമായെങ്കിലും തകര്‍പ്പന്‍ ഫോമിലുള്ള ഷാ മിന്നലടികളുമായി കളം നിറഞ്ഞതോടെ കര്‍ണാടകയുടെ പിടി അയഞ്ഞു.

122 പന്തില്‍ 17 ബൗണ്ടറിയും ഏഴ് സിക്സും പറത്തിയാണ് ഷാ 165 റണ്‍സടിച്ചത്. ഓപ്പണറായി ഇറങ്ങിയ ഷാ നാല്‍പതാം ഓവറിലാണ് പുറത്തായത്. ഷംസ് മുലാനി(45), ശിവം ദുബെ(27), അമന്‍ ഹക്കീം ഖാന്‍(25) എന്നിവരും മുംബൈക്കായി തിളങ്ങി. കര്‍ണാടകക്കായി വൈശാഖ് നാലും പ്രസിദ്ധ് കൃഷ്ണ മൂന്നും വിക്കറ്റെടുത്തു.

click me!