Vijay Hazare Trophy : അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ചുറി, കോലിയുടെ റെക്കോര്‍ഡ‍ിനൊപ്പം റുതുരാജ് ഗെയ്ക്‌വാദ്

By Web TeamFirst Published Dec 14, 2021, 6:13 PM IST
Highlights

നേരത്തെ മധ്യപ്രദേശിനെതിരെ 136 റണ്‍സും. ഛത്തീസ്ഗഡിനെതിരെ 154 റണ്‍സും കേരളത്തിനെതിരെ 124 റണ്‍സും നേടിയിരുന്നു. ചണ്ഡീഗഡിനെതിരായ സെഞ്ചുറി നേട്ടത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും റുതുരാജ് സ്വന്തമാക്കി.

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍(Vijay Hazare Trophy) സ്വപ്നഫോം തുടര്‍ന്ന് മഹാരാഷ്ട്ര നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad). ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ 168 റണ്‍സടിച്ച് ടീമിനെ മുന്നില്‍ നിന്ന് നയിച്ച റുതുരാജിന്‍റെ ബാറ്റിംഗ് മികവില്‍ മഹാരാഷ്ട്ര അഞ്ച് വിക്കറ്റ് ജയം നേടി. ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ മനന്‍ വോറയുടെ(Manan Vohra) സെഞ്ചുറി കരുത്തില്‍ 310 റണ്‍സടിച്ച ചണ്ഡീഗഡിനെതിരെ 48.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. 132 പന്തിലാണ് റുതുരാജ് ഗെയ്ക്‌വാദ് 168 റണ്‍സടിച്ചത്. 12 ഫോറും ആറ് സിസ്കും അടങ്ങുന്നതായിരുന്നു റുതുരാജിന്‍റെ ഇന്നിംഗ്സ്.

നേരത്തെ മധ്യപ്രദേശിനെതിരെ 136 റണ്‍സും. ഛത്തീസ്ഗഡിനെതിരെ 154 റണ്‍സും കേരളത്തിനെതിരെ 124 റണ്‍സും നേടിയിരുന്നു. ചണ്ഡീഗഡിനെതിരായ സെഞ്ചുറി നേട്ടത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും റുതുരാജ് സ്വന്തമാക്കി. വിജയ് ഹസാരെയില്‍ ഒരു ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്ററെന്ന നേട്ടമാണ് റുതുരാജ് സ്വന്തമിാക്കിയത്.

നാല് സെഞ്ചുറികള്‍ വീതം നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ റെക്കോര്‍ഡീനൊപ്പമാണ് റുതുരാജും എത്തിയത്. 2009-2010 സീസണിലായിരുന്നു കോലി വിജയ് ഹസാരെ ട്രോഫിയില്‍ നാലു സെഞ്ചുറികള്‍ നേടിയത്. 2020-2021 സീസണിലായിരുന്നു പൃഥ്വി ഷായുടെയും ദേവ്ദത്ത് പടിക്കലിന്‍റെയും നേട്ടം.

വിജയ് ഹസാരെട ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 603 റണ്‍സടിച്ച റുതുരാജ് റണ്‍വേട്ടയില്‍ ഒന്നാമനാണ്. അഞ്ച് മത്സരങ്ങളില്‍ 379 റണ്‍സടിച്ച മനന്‍ വോറയും അഞ്ച് കളികളില്‍ 349 റണ്‍സടിച്ച വെങ്കടേഷ് അയ്യര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

വിജയ് ഹസാരെയിലെ റണ്‍വേട്ട റുതുരാജിനെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ടി20യില്‍ റുതുരാജ് ഇന്ത്യക്കായി അരങ്ങേറിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും റുതുരാജിനായിരുന്നു.

click me!