സഞ്ജുവിന്റെ വെടിക്കെട്ട് ഡബിളില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

By Web TeamFirst Published Oct 12, 2019, 5:27 PM IST
Highlights

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തെ ഞെട്ടിച്ചാണ് ഗോവ തുടങ്ങിയത്. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയെയും(10), കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ വിഷ്ണു വിനോദിനെയും(7) തുടക്കത്തിലെ നഷ്ടമായശേഷമായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ് വിരുന്ന്.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി എകദിന ടൂര്‍ണമെന്റില്‍ സഞ‌്ജു സാംസണിന്റെ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ഗോവക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തപ്പോള്‍ ഗോവ 31 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തുനില്‍ക്കെ മഴ പെയ്തതിനാല്‍ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോട മഴ നിയമപ്രകാരം കേരളം 104 റണ്‍സിന് ജയിച്ചു. ജയത്തോടെ കേരളത്തിന് നാലു പോയന്റ് ലഭിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തെ ഞെട്ടിച്ചാണ് ഗോവ തുടങ്ങിയത്. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയെയും(10), കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ വിഷ്ണു വിനോദിനെയും(7) തുടക്കത്തിലെ നഷ്ടമായശേഷമായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ് വിരുന്ന്. 129 പന്തുകള്‍ നേരിട്ട സഞ്ജു പുറത്താവാതെ 212 റണ്‍സ് നേടി. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായി സഞ്ജു. ഉത്തരാഖണ്ഡിന്‍റെ കാണ്‍ വീര്‍ കൗശല്‍ (202) റെക്കോഡാണ് സഞ്ജു മറികടന്നത്.

ടൂര്‍ണമെന്റ് ചരിത്രത്തിലെ രണ്ടാം ഇരട്ട സെഞ്ചുറി കൂടിയാണിത്. സഞ്ജുവിനെ കൂടാതെ സച്ചിന്‍ ബേബി (127) സെഞ്ചുറി നേടി. മൂന്നാം വിക്കറ്റില്‍ സഞ്ജു-സച്ചിന്‍ സഖ്യം 338 റണ്‍സാണ് അടിച്ചുകൂട്ടിയത്. 21 ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണിത്. നാലാം ഓവറിന്റെ അവസാന പന്തിലാണ് സഞ്ജു ക്രീസിലെത്തിയത്.

135 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സ്. മുഹമ്മദ് അസറുദ്ദീന്‍ പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ആദിത്യ കൗശിക്കും(50 നോട്ടൗട്ട്), തുനിഷ് സവ്‌കറും(56) ഗോവക്കായി അര്‍ധസെഞ്ചുറി നേടി.

click me!