ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ്, ബൗളിംഗ്,ഫീല്‍ഡിംഗ് പരിശീലകരുടെ പട്ടികയായി; പ്രഖ്യാപനം ഉടന്‍

By Web TeamFirst Published Aug 22, 2019, 9:50 PM IST
Highlights

ബൗളിംഗ് പരിശീലകനായി ഭരത് അരുണും ഫീല്‍ഡിംഗ് പരിശീലകനായി ആര്‍ ശ്രീധറും തുടരും. ടീം ഫിസിയോ ആയി മുംബൈ ഇന്ത്യന്‍സ് ഫിസിയോ ആയ നിതിന്‍ പട്ടേലും സ്ട്രെംഗ്ത് ആന്‍ഡ് കണ്ടീഷനിംഗ് ട്രെയിനര്‍ ആയി ലൂക്ക് വുഡ് ഹൗസും എത്തും.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരുടെ അന്തിമ പട്ടികയായി. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് പേരുകള്‍ നിര്‍ദേശിച്ചത്. ബാറ്റിംഗ് കോച്ച് സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരമായ വിക്രം റാത്തോഡ്, നിലവിലെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാര്‍, മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് രാംപ്രകാശ് എന്നിവരുടെ പേരാണ് യഥാക്രമം ബാറ്റിംഗ് പരിശീലകസ്ഥാനത്തേക്ക് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഭിന്നതാല്‍പര്യമില്ലെന്ന് വ്യക്തമായാല്‍ ഇതില്‍ ഒന്നാം പേരുകാരനായ വിക്രം റാത്തോഡിനെ ബാറ്റിംഗ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ബൗളിംഗ് പരിശീലകനായി ഭരത് അരുണും ഫീല്‍ഡിംഗ് പരിശീലകനായി ആര്‍ ശ്രീധറും തുടരും. ടീം ഫിസിയോ ആയി മുംബൈ ഇന്ത്യന്‍സ് ഫിസിയോ ആയ നിതിന്‍ പട്ടേലും സ്ട്രെംഗ്ത് ആന്‍ഡ് കണ്ടീഷനിംഗ് ട്രെയിനര്‍ ആയി ലൂക്ക് വുഡ് ഹൗസും എത്തും. ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സും അപേക്ഷിച്ചിരുന്നെങ്കിലും ആര്‍ ശ്രീധറില്‍ വിശ്വാസമര്‍പ്പിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ നേരത്തെ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി തെരഞ്ഞെടുത്തിരുന്നു. ഇന്ത്യക്കായി ആറ് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുള്ള 50കാരനായ റാത്തോഡ‍ി് രാജ്യാന്തര ക്രിക്കറ്റില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി നിരവധി തവണ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2016ല്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള ഇന്തന്‍ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു.

മുമ്പ് ഇന്ത്യയുടെ അണ്ടര്‍ 19 ബാറ്റിംഗ് കോച്ച് സ്ഥാനത്തേക്കും റാത്തോഡ് അപേക്ഷിച്ചിരുന്നു.പരിശീലകനെന്ന നിലിയില്‍ മതിയായ പരിചയസമ്പത്തുള്ള വ്യക്തിയാണ് റാത്തോഡെന്നും ഭിന്നതാല്‍പര്യങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി വ്യക്തമാക്കി.

click me!