കോലിക്കും രോഹിത്തിനും തിരിച്ചടി; ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങാനാവില്ല

By Web TeamFirst Published May 15, 2020, 6:53 PM IST
Highlights

ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചില്ലെങ്കിലും ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കളിക്കാരെ പുറത്ത് പരിശീലനം തുടങ്ങാന്‍ അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ദില്ലി: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഞായറാഴ്ചയോടെ അവസാനിക്കാനിരിക്കെ കളിക്കാര്‍ക്ക് പരിശീലനം പുനരാരാംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ബിസിസിഐ. ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലോ സമീപമുള്ള ഗ്രൗണ്ടുകളിലോ പരിശീലനം തുടരാന്‍ കളിക്കാരെ അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചില്ലെങ്കിലും ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കളിക്കാരെ പുറത്ത് പരിശീലനം തുടങ്ങാന്‍ അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അതേസമയം, ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരിശീലനം തുടങ്ങിയാലും ക്യാപ്റ്റന്‍ വിരാട് കോലിക്കും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ടീം അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പരിശീലനം തുടങ്ങാനാവില്ല. കാരണം രാജ്യത്തെ കൊവിഡ് ഹോട് സ്പോട്ടുകളായ മുംബൈയിലും ഡല്‍ഹിയിലുമാണ് നിലവില്‍ ഇരുവരുമുള്ളത് എന്നത് തന്നെ.

Also Read: കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യയുടെ ഭാവി നായകനെ പ്രവചിച്ച് ശ്രീശാന്ത്

കോലിക്കും രോഹിത്തിനും ഉടന്‍ പരിശീലനം തുടങ്ങാനാവില്ലെന്നും ഇരുവരും വീടുകളില്‍ തന്നെ തുടരേണ്ടിവരുമെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലും വ്യക്തമാക്കി. ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ കളിക്കാരെ വിവിധ ഗ്രൗണ്ടുകളില്‍ പരിശീലനം തുടങ്ങാന്‍ അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നും ധുമാല്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 27,524 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തെ കൊവിഡ് കേസുകളുടെ(81,970) മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഡല്‍ഹിയില്‍ ഇതുവരെ 8,470 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂലൈയില്‍ ശ്രീലങ്കക്കെതിരായ പരമ്പരയിലാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്. എന്നാല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരമ്പര നടക്കുമോ എന്നത് ഇപ്പോഴും സംശയത്തിലാണ്.

click me!