
കറാച്ചി: കൊറോണ മഹാമാരി കളിക്കളങ്ങളെല്ലാം നിശ്ചലമാക്കിയപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ വിശ്രമവേള ആനന്ദകരമാക്കുന്ന തിരക്കിലായിരുന്നു കായികതാരങ്ങളെല്ലാം. ആരാധകരുമായും സഹതാരങ്ങളുമായും സോഷ്യല്‍ മീഡിയയിലൂടെ സംവദിച്ചും ടിക് ടോക് വീഡിയോകള്‍ പുറത്തിറക്കിയുമെല്ലാം ആണ് പലരും സമയം ചെലവഴിക്കുന്നത്. ഇനിയും മറ്റു ചിലരാകട്ടെ വെബ് സീരിസുകളും സിനിമകളും കണ്ടാണ് സമയം കളയുന്നത്. പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആമിറും ഇതുപോലെ വെബ് സീരീസുകളുടെ ആരാധകനാണ്.
Also Read: കോലിപ്പടയ്ക്കുള്ള 'പണി' പിന്നാലെ വരുന്നുണ്ട്; സൂചന നല്‍കി സൗരവ് ഗാംഗുലി
അടുത്തിടെ തുർക്കിയിൽ ഏറെ ജനപ്രീതി നേടിയ 'ഡിറിലിസ് എർത്തുഗ്രുൽ ഗാസി' എന്ന വെബ് സീരീസിലെ ഒരു കഥാപാത്രത്തെ കണ്ട് ആമിര്‍ ശരിക്കും അമ്പരന്നുപോയി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയല്ലേ ഇതെന്നുപോലും ആമിര്‍ സംശയിച്ചുപോയി. അതില്‍ അമീറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സീരിസില്‍ ദോഗൻ ആൽപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടർക്കിഷ് നടനും നിർമാതാവുമായ ജാവിത് ജെതിൻ ഗുണറിനെ കണ്ടാല്‍ ആരും അത് വിരാട് കോലിയല്ലെന്ന് പറയില്ല. അത്രക്കാണ് ഇരുവരും തമ്മിലുള്ള രൂപ സാദൃശ്യം.
കോലിയുടെയും ജാവിത്തിന്റെ കഥാപാത്രത്തിന്റെയും സ്ക്രീന്‍ ഷോട്ടെടുത്ത് അമീര്‍ ഇത് താങ്കളല്ലേ എന്ന് ട്വീറ്റിലൂടെ ചോദിച്ചതോടെയാണ് ആരാധകരും ഇരുവരുടെയും സാമ്യം ശ്രദ്ധിച്ചത്. 1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാൻ ഒന്നാമന്റെ പിതാവ് എർത്തുഗ്രുൽ ഗാസിയുടെ വീരസാഹസിക കൃത്യങ്ങളിലൂന്നിയുള്ള ടിവി സീരീസാണ് 'ഡിറിലിസ് എർത്തുഗ്രുൽ ഗാസി'. അഞ്ച് സീസണുകളിലായി 448 എപ്പിസോഡുകളാണ് ഈ സീരീസിനുള്ളത്.