
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും വേര്‍പിരിഞ്ഞത്. വണ്‍ ഡാണായി ക്രീസിലെത്തിയതാകട്ടെ മാര്‍നസ് ലാബുഷെയ്നായിരുന്നു.
ലാബുഷെയ്ന്‍ ബാറ്റിംഗിനെത്തിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിയെ പന്തെറിയാന്‍ വിളിച്ചു. ഷമി പന്തെറിയാനായി തയാറെടുക്കുമ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലി പോക്കറ്റില്‍ നിന്ന് പ്രോട്ടീന്‍ ബാറെടുത്ത് എടുത്ത് കഴിക്കാന്‍ തുടങ്ങി. ലാബുഷെയ്ന്‍ സ്ട്രൈക്ക് എടുക്കാന്‍ തയാറെടുക്കുമ്പോഴായിരുന്നു ഇത്.
ഷമി പന്തെറിഞ്ഞ് മടങ്ങിയതിന് പിന്നാലെ കോലി വീണ്ടും പോക്കറ്റില്‍ കൈയിട്ട് പ്രോട്ടീന്‍ ബാറെടുത്ത് തീറ്റ തുടങ്ങി. എന്നാല്‍ ഇത്തവണ തേര്‍ഡ് സ്ലിപ്പില്‍ നിന്നിരുന്ന ശ്രേയസ് അയ്യരോട് കൂടി വേണോ എന്ന് കോലി ചോദിച്ചു. അതിനുശേഷം ശ്രേയസിനും നല്‍കി. എന്നാല്‍ അപ്പോഴേക്കും ഷമി അടുത്ത പന്തെറിയാന്‍ എത്തിയതിനാല്‍ ശ്രേയസ് അത് കഴിക്കാതെ പോക്കറ്റിലിട്ടു.
അധികം വൈകാതെ ലാബുഷെയ്നിനെ ഷമി ബൗള്‍ഡാക്കി. മത്സരത്തിനിടെ കാണികളെ നോക്കി ഇന്ത്യക്കായി ആര്‍പ്പുവിളിക്കാന്‍ ആവശ്യപ്പെടുന്ന കോലിയെയും അഹമ്മദാബാദില്‍ കണ്ടു. ദില്ലിയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഡ്രസ്സിംഗ് റൂമിലിരിക്കുമ്പോള്‍ ഭക്ഷണം തയാറെന്ന് പറയുമ്പോഴുള്ള വിരാട് കോലിയുടെ പ്രതികരണവും കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ മറുപടിയും ഇതുപോലെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സ്‍മിത്തിനെ ബൗള്‍ഡാക്കുന്നത് നാലാം തവണ; ജഡേജയ്ക്ക് ഐതിഹാസിക റെക്കോർഡ്
അഹമമദാബാദ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം ശക്തമായ നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആള്‍ബനീസും സ്റ്റേഡിത്തിലെത്തി കാണികളെ അഭിവാദ്യം ചെയ്യുകയും കളിക്കാരെ പരിചയപ്പെടുകയും ചെയ്തിരുന്നു. ഇരുവരും മത്സരം കാണാന്‍ ഇരിക്കുകയും ചെയ്തു.