ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലും പുറത്താക്കിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ നാലാം തവണയാണ് സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കിയത്

അഹമ്മദാബാദ്: സമകാലിക ക്രിക്കറ്റിലെ മാസ്റ്റർ ബാറ്റർമാരില്‍ ഒരാളാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്തിനെ പുറത്താക്കുക അത്ര എളുപ്പമല്ല എന്ന് എല്ലാ ബൗളർമാർക്കും അറിയാം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനകം എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളിലൊരാളായി പേരെടുത്ത സ്മിത്തിനെ ടെസ്റ്റ് കരിയറില്‍ ഏഴ് തവണ പുറത്താക്കിയിട്ടുണ്ട് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഇതില്‍ നാലെണ്ണം ബൗള്‍ഡായിരുന്നു. ഇതൊരു അവിസ്മരണീയ റെക്കോർഡാണ്. 

ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലും പുറത്താക്കിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ നാലാം തവണയാണ് സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കിയത്. ഇതുവരെ മറ്റൊരു ബൗളർക്കും രണ്ടില്‍ കൂടുതല്‍ തവണ സ്മിത്തിനെ ബൗള്‍ഡാക്കാനായിട്ടില്ല. സ്മിത്തിന്‍റെ ലോകോത്തര ക്ലാസ് തന്നെ ഇതിന് കാരണം. അഹമ്മദാബാദില്‍ നാലാമനായി ക്രീസിലെത്തിയ സ്മിത്ത് ഉസ്മാന്‍ ഖവാജയ്ക്കൊപ്പം വമ്പന്‍ കൂട്ടുകെട്ടാണ് ലക്ഷ്യമിട്ടതെങ്കിലും പ്ലാനെല്ലാം ജഡേജയുടെ മുന്നില്‍ പാളി. ഇന്നിംഗ്സില്‍ ജഡേജ എറിഞ്ഞ 64-ാം ഓവറില്‍ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കവേ സ്മിത്ത് ഇന്‍സൈഡ് എഡ്‍ജായികുറ്റി തെറിച്ച് മടങ്ങുകയായിരുന്നു. സ്മിത്ത് 135 പന്ത് പ്രതിരോധിച്ചപ്പോള്‍ 38 റണ്‍സേയുള്ളൂ. 

മുമ്പ് ഇന്ത്യയില്‍ എത്തിയപ്പോഴൊക്കെ റണ്ണൊഴുക്കിയ പാരമ്പര്യമാണ് സ്റ്റീവ് സ്മിത്തിനുള്ളത്. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ കളിച്ച് ഏറെ പരിചയമുണ്ട് താരത്തിന്. സ്പിന്നിനെ നേരിടാനാണേല്‍ സ്മിത്ത് വളരെ മികച്ച ബാറ്ററും. എന്നാല്‍ ഇത്തവണ ബോർഡർ-ഗാവസ്കർ ട്രോഫിക്ക് എത്തിയപ്പോള്‍ ഇതുവരെ ഒരിക്കല്‍ പോലും 50 കടക്കാന്‍ ലോക രണ്ടാം നമ്പർ ടെസ്റ്റ് ബാറ്റർക്കായില്ല. ലോക ഒന്നാം നമ്പർ ബൗളറായ രവിചന്ദ്രന്‍ അശ്വിനും ലോക ഒന്നാം നമ്പർ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയും സ്മിത്തിനെ കുത്തിത്തിരിയുന്ന പന്തുകള്‍ കൊണ്ട് വട്ടം കറക്കുകയായിരുന്നു. ഈ പരമ്പരയില്‍ 37, 25*, 0, 9, 26, 38 എന്നിങ്ങനെയാണ് സ്മിത്തിന്‍റെ സ്കോറുകള്‍. 

അയ്യയ്യേ ഇത് നാണക്കേട്; ജഡേജയ്‍ക്കെതിരെ കരിയറിലെ മോശം റെക്കോർഡുമായി സ്‍മിത്ത്