ബാബര്‍ അസമിന്റെ നഷ്ടം, കോലിക്കും രോഹിത്തിനും നേട്ടം; ഐസിസി ഏകദിന റാങ്കിങ് പുറത്ത്

By Web TeamFirst Published Nov 4, 2020, 4:59 PM IST
Highlights

പാകിസ്ഥാന്‍ ക്യാപ്റ്റര്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തുണ്ട്. സിംബാബ്‌വെയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കോലിയെ മറികടക്കാന്‍ അസമിന് സാധിച്ചില്ല.

ദുബായ്: ഐസിസി പുറത്തുവിട്ട പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഉപനായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. പാകിസ്ഥാന്‍ ക്യാപ്റ്റര്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തുണ്ട്. സിംബാബ്‌വെയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കോലിയെ മറികടക്കാന്‍ അസമിന് സാധിച്ചില്ല. പരമ്പരയില്‍ 250 റണ്‍സ് നേടിയിരുന്നെങ്കില്‍ അസമിന്് ഒന്നാമത് എത്താമായിരുന്നു. എന്നാല്‍ 221 റണ്‍സാണ് പാക് ക്യാപ്റ്റന്‍ നേടിയത്.

ഒന്നാം സ്ഥാനത്തുള്ള കോലിക്ക് 871 റേറ്റിങ് പോയിന്റാണുള്ളത്. രോഹിത്തിന് 855 പോയിന്റുണ്ട്. അസമിന് 837 പോയിന്റാണുള്ളത്. റോസ് ടെയ്‌ലര്‍, ഫാഫ് ഡു പ്ലെസിസ്, കെയ്ന്‍ വില്യംസണ്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ക്വിന്റണ്‍ ഡി കോക്ക്, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് നാല് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ ന്യൂസിലന്‍ഡ് താരം ട്രന്റ് ബോള്‍ട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജസ്പ്രീത് ബൂമ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാമത്.

പാക് പേസര്‍ ഷഹീന്‍ അഫ്രീദിയാണ് ബൗളര്‍മാരില്‍ നേട്ടമുണ്ടാക്കിയ താരം. കരിയറിലെ മികച്ച റാങ്കായ 16ാം സ്ഥാനത്തെത്താന്‍ അഫ്രീദിക്കായി. സിംബാബ്‌വെയ്‌ക്കെതിരായ മികച്ച പ്രകടനാണ് അഫ്രീദിയെ സഹായിച്ചത്. സിംബാബ്‌വെയ്‌ക്കെതിരെ താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയ സിംബാബ്‌വെ താരം ബ്രന്‍ഡന്‍ ടെയ്‌ലര്‍ 42ാം സ്ഥാനവും സീന്‍ വില്യംസ് 46ാം സ്ഥാനത്തും.

click me!