
ജയസാധ്യത മാറിമറിഞ്ഞ മത്സരത്തിൽ പാകിസ്താനെതിരെ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് മിഡ് ഓഫിലൂടെ അശ്വിൻ വിജയറൺ നേടിയപ്പോൾ ആനന്ദക്കണ്ണീരണിഞ്ഞ് വിരാട് കോലി. ഹെൽമറ്റഴിച്ച് ബാറ്റ് ആകാശത്തേക്കുയർത്തി കണ്ണീരണിഞ്ഞ കോലി അശ്വിനെ കെട്ടിപ്പിടിച്ചു. പാകിസ്താനെതിരെ ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റിയ ഇന്നിങ്സുമായാണ് കോലി കളം നിറഞ്ഞത്. അവസാന ഓവറുകളിൽ കോലിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാകിസ്താന് മറുപടിയുണ്ടായിരുന്നില്ല.
തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. 160 എന്ന ഭേദപ്പെട്ട സ്കോർ പ്രതിരോധിക്കാനിറങ്ങിയ ബാറ്റിങ് നിരക്ക് തുടക്കത്തിലേ പാളി. ഓപ്പണർമാർ വന്ന പാടേ കൂടാരം കയറി. വിജയപ്രതീക്ഷയായ സൂര്യകുമാർ യാദവിനും നിലയുറപ്പിക്കാനായില്ല. പാക് ബൗളിങ്ങിനെ ആക്രമിച്ച് കീഴ്പ്പെടുത്താമെന്ന സൂര്യയുടെ പ്ലാൻ പാളി. 10 പന്തിൽ 15 റൺസുമായി സൂര്യ മടങ്ങി. പിന്നാലെ അക്സറും മടങ്ങിയതോടെ ഇന്ത്യ പൂർണമായി ബാക്ക്ഫൂട്ടിലായി. ഹർദിക് പാണ്ഡ്യ കോലിക്കൊപ്പം ചേർന്നതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചത്.
ഇരുവരും പതിയെ സ്കോറുയർത്തുകയും വിക്കറ്റ് കാക്കുകയും ചെയ്തു. എന്നാൽ എറിഞ്ഞൊതുക്കാമെന്ന പാകിസ്താന്റെ പ്രതീക്ഷ പാളിയത് 18 ഓവർ മുതൽ. സ്റ്റാർ ബൗളർ ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. ആ ഓവറിൽ അഫ്രീദിക്കെതിരെ കോലി രണ്ട് ബൗണ്ടറിയടിച്ചു. മൊത്തം 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവർ കളിതിരിഞ്ഞു. ആദ്യ നാല് പന്തുകൾ ഉജ്ജ്വലമായി പന്തെറിഞ്ഞ റൗഫിന് അവസാന രണ്ട് ബോൾ ക്രിക്കറ്റ് ജീവിതത്തിൽ മറക്കാനാവില്ല. സ്ട്രൈറ്റിലേക്കും ലെഗ് സൈഡിലേക്കും രണ്ട് കൂറ്റൻ സിക്സറുകൾ. മൊക്കം 15 റണ്‍സ്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്.
ഹാർദിക് സ്ട്രൈക്ക് എൻഡിൽ ഉള്ളപ്പോൾ ഇന്ത്യക്ക് പ്രതീക്ഷ. എന്നാൽ, ഉയർത്തിയടിക്കാനുള്ള ശ്രമം പുറത്താകലിൽ കലാശിച്ചു. രണ്ടാം പന്തില്‍ ഡികെയുടെ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. അരക്ക് മുകളിൽ പന്തെറിഞ്ഞതിന് നോബോളും ഫ്രീഹിറ്റും. സമ്മർദ്ദത്തിലായ നവാസ് തൊട്ടടുത്ത പന്തിൽ വൈഡെറിഞ്ഞു. ഫ്രീഹിറ്റ് പന്തിൽ കോലിയുടെ കുറ്റി തെറിപ്പിച്ചെങ്കിലും മൂന്ന് റൺസ് ഓടിയെടുത്തു. കുറ്റി തെറിച്ചതോടെ ഡെഡ് ബോളെന്ന് പാക് താരങ്ങൾ വാദിച്ചെങ്കിലും ഫലിച്ചില്ല. തൊട്ടടുത്ത പന്തിൽ കാർത്തിക്കിനെ സ്റ്റംപ് ചെയ്ത് പുറത്താക്കി പാകിസ്താൻ പ്രതീക്ഷ നിലനിർത്തി. കാർത്തിക്കിനെറിഞ്ഞ അതേ പന്ത് നവാസ് അശ്വിനെതിരെയും പ്രയോഗിച്ചു.
എന്നാൽ തന്ത്രം മനസ്സിലാക്കി ക്രീസിൽനിന്ന് മാറാതെ അശ്വിൻ നിന്നതോടെ ലെഗ്സൈഡിൽ വൈഡും ടൈയും. ഫീൽഡിങ് വിന്യാസത്തിൽ മാറ്റം വരുത്തി അശ്വിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെങ്കിലും അവസാന പന്തിൽ മിഡ് ഓഫിലൂടെ ഫോർ. അശ്വിൻ വിജയറൺ കുറിക്കുമ്പോൾ ടീമിനെ വിജയതീരത്തെത്തിച്ച കോലി വികാര വിക്ഷോഭത്താൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. കോലിയുടെ ടി20 ക്രിക്കറ്റ് കരിയറിൽ ഇതുവരെയുള്ള ഏറ്റവും മികച്ച ഇന്നിങ്സായി ക്രിക്കറ്റ് അനലിസ്റ്റുകൾ വാഴ്ത്തി തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!