സ്റ്റീവ് സ്മിത്താണ് കേമനെന്ന് പറഞ്ഞ ലങ്കന്‍ മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കി മുന്‍ ഇംഗ്ലീഷ് നായകന്‍

By Web TeamFirst Published Jan 20, 2020, 9:35 PM IST
Highlights

ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് വിരാട് കോലിയെ എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ചിരുന്നു.

ബംഗലൂരു: സ്റ്റീവ് സ്മിത്താണോ വിരാട് കോലിയാണോ മികച്ചവനെന്ന തര്‍ക്കം തുടങ്ങിയിട്ട് കാലം കുറച്ചായി. ഏകദിനങ്ങളിലും ടി20യിലും കോലി മികച്ചവനാണെന്ന് അഭിപ്രായപ്പെടുന്നവര്‍ പോലും ടെസ്റ്റില്‍ സ്മിത്തിന് മുന്‍തൂക്കം നല്‍കാറുണ്ട്. എന്നാല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റും കണക്കിലെടുത്താല്‍ കോലി തന്നെയാണ് കേമനെന്ന് ഭൂരിഭാഗം പേരും യോജിക്കും.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കായി സെഞ്ചുറിയുമായി ടോപ് സ്കോററായത് സ്റ്റീവ് സ്മിത്തായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സ്റ്റീവ് സ്മിത്തിന്റെ മികവ് അടയാളപ്പെടുത്താനായി സ്റ്റീവ് സ്മിത്താണ് മൂന്ന് ഫോര്‍മാറ്റിലും മികച്ചവനെന്ന് പറഞ്ഞ് ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ അലക്സാണ്ടര്‍ ഇട്ട ട്വീറ്റിന് മറുപടിയുമായി ആദ്യം രംഗത്തെത്തിയത് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണായിരുന്നു. വിയോജിക്കുന്നു, വിരാട് ആണ് മൂന്ന് ഫോര്‍മാറ്റിലും മികച്ചവനെന്നായിരുന്നു വോണിന്റെ മറുപടി.

Disagree ... Virat is the best all round ... !! https://t.co/zJPt7v8ewS

— Michael Vaughan (@MichaelVaughan)

ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് വിരാട് കോലിയെ എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ചിരുന്നു. അവര്‍ക്ക് ഏകദിന ക്രക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ വിരാട് കോലിയുണ്ട്, പിന്നെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെ മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മയും ഉണ്ട്, അവര്‍ ഇരുവരും ഫോമിലായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. പരിചയ സമ്പന്നരായ കളിക്കാരാണ് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്നതെന്നും ഫിഞ്ച് പറഞ്ഞിരുന്നു.

click me!