സെഞ്ച്വറികളില്‍ കോലി 'ടീമുകളെയും' മറികടന്നു; പാക്കിസ്ഥാനും മുട്ടുകുത്തി; അതിശയിപ്പിക്കും ഈ കണക്ക്

By Web TeamFirst Published Mar 9, 2019, 9:04 PM IST
Highlights

റെക്കോര്‍ഡുകള്‍ തൂത്തറിഞ്ഞ് മുന്നേറുന്ന വിരാട് കോലിയുടെ ഹെല്‍മറ്റില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. അതും പാക്കിസ്ഥാന്‍ അടക്കമുള്ള ടീമുകളെ മറികടന്ന്.

മൊഹാലി: ഒരു താരം മറ്റൊരു താരത്തിന്‍റെ റെക്കോര്‍ഡ് മറികടക്കുക സ്വാഭാവികം. എന്നാല്‍ ഒരു താരത്തിന് ടീമുകളെ മറികടക്കാനാകുമോ. സാധിക്കും, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ് ടീമുകളെ പിന്തള്ളി അപൂര്‍വ നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ 2017 മുതല്‍ നേടിയ സെഞ്ച്വറികളുടെ എണ്ണത്തിലാണ് കോലി നാല് ക്രിക്കറ്റ് രാജ്യങ്ങളെ പിന്നിലാക്കിയത്. 

ഏകദിനത്തില്‍ 2017 മുതല്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമാണ് കോലി. ഇക്കാലയളവില്‍ നാല് ടീമുകളിലെ താരങ്ങളെല്ലാം കൂടി നേടിയ സെഞ്ച്വറികളെക്കാള്‍ കൂടുതലാണിത്. പതിനഞ്ചാമത്തെ സെഞ്ച്വറിയായിരുന്നു റാഞ്ചി ഏകദിനത്തില്‍ കോലിയുടേത്. പാക്കിസ്ഥാന്‍(14), ബംഗ്ലാദേശ്(13), വെസ്റ്റ് ഇന്‍ഡീസ്(12), ശ്രീലങ്ക(10) എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ക്ക് നേടാനായത് ഇത്രയും സെഞ്ച്വറികള്‍ മാത്രം!.

എന്നാല്‍ ഇംഗ്ലണ്ട്(28), ഓസ്‌ട്രേലിയ(16), ന്യൂസീലന്‍ഡ്(16), എന്നീ രാജ്യങ്ങള്‍ കോലിക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് 15 ശതകങ്ങളാണുള്ളത്. ടീമുകളുടെ പട്ടികയില്‍ ഇന്ത്യയാണ്(37) മുന്നില്‍. എല്ലാ ഫോര്‍മാറ്റിലുമായി 2017 മുതല്‍ 25 സെഞ്ച്വറികള്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്. ഇത് പാക്കിസ്ഥാന്‍ താരങ്ങള്‍ നേടിയ സെഞ്ച്വറികളെക്കാള്‍ ഒന്ന് കൂടുതലാണ് എന്നതും സവിശേഷതയാണ്.  

click me!