എന്തുകൊണ്ട് അശ്വിനോട് അവഗണന? മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് കോലി

By Web TeamFirst Published Aug 25, 2021, 4:15 PM IST
Highlights

രവീന്ദ്ര ജഡേജയ്ക്ക് പകരം അശ്വിന്‍ കളിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തിയിരുന്നത്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പറയുകയും ചെയ്തു.
 

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനി ഇറങ്ങുമ്പോള്‍ പലരും പ്രതീക്ഷിച്ചുകാണും ആര്‍ അശ്വിന്‍ കളിക്കുമെന്നുള്ളത്. അത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുകയും ചെയ്തിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പകരം അശ്വിന്‍ കളിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തിയിരുന്നത്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ പ്ലയിംഗ് ഇലവന്‍ പുറത്തുവന്നപ്പോള്‍ അശ്വിന്റെ പേരില്ല.

ഇപ്പോള്‍ അശ്വിനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ലെന്ന കാരണം വ്യക്തമാക്കിയിരിക്കുകയാണ് കോലി. ടോസ് സമയത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അശ്വിനെ കുറിച്ച് സംസാരിച്ചത്. നാലാം പേസറെ ഉള്‍പ്പെടുത്തുന്നത് ഇംഗ്ലണ്ടിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്നാണ് കോലി പറഞ്ഞത്. കോലിയുടെ വാക്കുകള്‍... ''അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചിന്തയിലുണ്ടായിരുന്നു. എന്നാല്‍ ഒരു പേസറെ അധികം ഉള്‍പ്പെടുത്തുന്നത് ഇംഗ്ലീഷ് ടീമില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. അങ്ങനെയാണ് അശ്വിനെ പരിഗണിക്കേണ്ടെന്ന് തീരുമാനത്തിലെത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് കൂടുതല്‍ ഓവറുകള്‍ ലഭിക്കും. അവന് തിളങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് ലീഡ്‌സിലേത്.'' കോലി വ്യക്തമാക്കി.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് കോലിയും സംഘവും ലീഡ്‌സില്‍ ഇറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ ഇതുവരെ നഷ്ടമായി. ഓപ്പണര്‍ കെ എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സണാണ് രണ്ട് വിക്കറ്റുകളും. 9 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 19 എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ (4), വിരാട് കോലി (7) എന്നിവരാണ് ക്രീസില്‍.

click me!