
ബെംഗളൂരു: അടുത്ത ഏകദിന ലോകകപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ വിരാട് കോലി. 2024 ടി20 ലോകകപ്പും 2025 ചാംപ്യന്‍സ് ട്രോഫിയും ജയിച്ചതോടെ ഇന്ത്യ 11 വര്‍ഷത്തെ ഐസിസി ട്രോഫി വരള്‍ച്ചയില്‍ നിന്ന് കരകയറിയിരുന്നു. ഇതിനിടെയാണ് തന്റെ കരിയറിലെ അടുത്ത വലിയ ലക്ഷ്യത്തെ കുറിച്ച് കോലി തുറന്നുപറഞ്ഞത്. 2027ല്‍ ദക്ഷിണാഫ്രിക്കയാണ് ഏകദിന ലോകകപ്പിന് വേദിയാകുന്നത്.
2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു കോലി. 2023ല്‍ ഏകദിന ലോകകപ്പ് നേടുന്നതിന് ഇന്ത്യ വളരെ അടുത്തെത്തിയെങ്കിലും ഓസ്‌ട്രേലിയക്കെതിരെ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍. 11 മത്സരങ്ങളില്‍ നിന്ന് 95.62 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 765 റണ്‍സാണ് കോലി നേടിയത്. പിന്നാലെ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ രണ്ടാമതൊരു ഏകദിന ലോകകപ്പ് നേടാനുള്ള ആഗ്രഹം കോലി മറച്ചുവച്ചില്ല. 'അടുത്ത വലിയ ചുവടുവെപ്പ് എന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. 2027ലെ ഏകദിനെ ലോകകപ്പ് നേടാന്‍ ശ്രമിച്ചേക്കാം.'' വൈറലായ ഒരു വീഡിയോയില്‍ കോലി വ്യക്തമാക്കി. വീഡിയോ കാണാം...
2023 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഏകദിന ഫോര്‍മാറ്റില്‍ കോലിയും രോഹിത്തും അധികകാലം തുടരില്ലെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേടിയ വിജയം 2027 ലോകകപ്പ് വരെ ഇരുവര്‍ക്കും കരിയര്‍ തുടരാനുള്ള വഴിയൊരുക്കി. പാകിസ്ഥാനും ഓസ്‌ട്രേലിയയ്ക്കുമെതിരെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ച കോലി വീണ്ടും മികച്ച ഫോമിലെത്തി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ക്യാപ്റ്റന്‍ രോഹിത് അവസരത്തിനൊത്ത് ഉയര്‍ന്നു. ഫൈനലില്‍ 76 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഇന്ത്യ 49 ഓവറില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടം നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!