
ദില്ലി: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ പുറത്താകലില്‍ വിവാദം പുകയുകയാണ്. 44 റണ്‍സെടുത്ത് നില്‍ക്കെയാണ് മാത്യു കുനെമാനിന്‍റെ പന്തില്‍ കോലിയെ അമ്പയര്‍ നിതിന്‍ മേനന്‍ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ചത്.
അമ്പയറുടെ തീരുമാനം കോലി ഡിആര്‍എസിലൂടെ ഉടന്‍ റിവ്യു ചെയ്തു. റീപ്ലേകളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേസമയം കൊളളുന്നുവെന്ന് വ്യക്തമായി. എങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയ തേര്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് ബോള്‍ ട്രാക്കിംഗ് എടുക്കാന്‍ നിര്‍ദേശിച്ചു. ബോള്‍ ട്രാക്കിംഗില്‍ പന്ത് ലെഗ് സ്റ്റംപിന്‍റെ വശത്ത് തട്ടുമെന്നാണ് കാണിച്ചതെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഔട്ട് ആയതിനാല്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് കോലിയെ ഔട്ട് വിളിച്ചു.
എന്നാല്‍ എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേയസമയം കൊണ്ടാല്‍ എന്തായിരിക്കണം അമ്പയറുടെ തീരുമാനം എന്ന് എംസിസി നിയമങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്. എംസിസി ക്രിക്കറ്റ് നിയമങ്ങളിലെ ലോ 36.2.2 ല്‍ പറയുന്നത് പന്ത് ബാറ്റിലും പാഡിലും ഒരേസമയം കൊള്ളുകയാണെങ്കില്‍ പന്ത് ആദ്യം ബാറ്റില്‍ കൊണ്ടതായി കണക്കാക്കണമെന്നാണ്. എന്നാല്‍ കോലിയുടെ കാര്യത്തില്‍ മൂന്നാം അമ്പയര്‍ ഇത് പരിഗണിച്ചില്ല.
തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ വിരാട് കോലിയും ഇന്ത്യന്‍ ടീമും അതൃപ്തി അറിയിക്കുന്നതിന്‍റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. പുറത്തായശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ കോലി റീപ്ലേകള്‍ കണ്ടശേഷം അത് ഔട്ട് അല്ലെന്ന് പറയുന്നതും കാണാമായിരുന്നു.
അമ്പയറുടെ തീരുമാനത്തെ കമന്‍ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രി വിമര്‍ശിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ അടക്കമുള്ളവര്‍ അത് ഔട്ട് അല്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!