Virat Kohli : പഴയ കിംഗ് കോലിയെ തിരിച്ചുവേണോ? താരം ഒറ്റക്കാര്യം ചെയ്‌താല്‍ മതിയെന്ന് രവി ശാസ്‌ത്രി

By Web TeamFirst Published Jan 26, 2022, 10:19 PM IST
Highlights

പ്രതാപകാലത്തെ കിംഗ് കോലിയെ ആരാധകര്‍ക്ക് തിരികെ കിട്ടും എന്ന് രവി ശാസ്‌ത്രി

മുംബൈ: മോശം ഫോമിലാണ് എന്ന് പറയാനാകില്ലെങ്കിലും സെഞ്ചുറി കണ്ടെത്താത്തതില്‍ വിരാട് കോലിക്കെതിരെ (Virat Kohli) വിമര്‍ശനം ശക്തമാണ്. മൂന്നക്കം കണ്ടിട്ട് കോലി രണ്ട് വര്‍ഷം പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ ഒരു കാര്യം ചെയ്‌താല്‍ പ്രതാപകാലത്തെ കിംഗ് കോലിയെ (King Kohli) ആരാധകര്‍ക്ക് തിരികെ കിട്ടും എന്നാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി (Ravi Shastri) പറയുന്നത്. 

'മുപ്പത്തിമൂന്ന് വയസായി എന്ന് കോലിക്കറിയാം. അഞ്ച് വര്‍ഷത്തെ മികച്ച ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് അദേഹത്തിനറിയാം. രണ്ട് മൂന്ന് മാസത്തെ ഇടവേളയെടുത്താല്‍, ഒരു പരമ്പരയില്‍ നിന്ന് വിട്ടുനിന്നാല്‍ കോലിക്ക് ഗുണകരമാകും. അങ്ങനെയെങ്കില്‍ മടങ്ങിവരവില്‍ 3-4 വര്‍ഷം രാജാവിനെ പോലെ കളിക്കാം. ടീം പ്ലെയര്‍ എന്ന നിലയില്‍ തുടര്‍ന്നും സംഭാവനകള്‍ നല്‍കുക, ഇന്ത്യക്കായി മത്സരങ്ങള്‍ ജയിപ്പിക്കുകയാണ് കോലി ചെയ്യണ്ടത്. ആ ലെഗസിയാണ് കോലി അവശേഷിപ്പിക്കാന്‍ പോകുന്നത്. 

ബയോ-ബബിളും മൂന്ന് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍സിയും തന്നെ ബാധിക്കുന്നതായി കോലി തന്നെ മനസിലാക്കി എന്ന് തോന്നുന്നു. ഒരു ഇടവേളയെടുക്കാന്‍ പോലും കഴിയില്ല. വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി കോലി ഒഴിഞ്ഞത് ശരിയായ തീരുമാനമാണ്. എന്നാല്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റില്‍ നമ്മളാണ് ഒന്നാംനിര ടീം. ഒരു പരമ്പര തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍സ് ഒഴിയേണ്ട കാര്യമില്ല. എങ്കിലും ഒരു ക്രിക്കറ്ററുടെ തീരുമാനത്തെ എപ്പോഴും ബഹുമാനിക്കുന്നു. എന്താണ് അദേഹത്തിന്‍റെ മാനസീകാവസ്ഥയെന്ന് എനിക്കറിയില്ല. 68 മത്സരങ്ങളില്‍ 40 എണ്ണം ജയിപ്പിച്ചത് കോലിയെന്ന ക്യാപ്റ്റന്‍റെ ഗംഭീര റെക്കോര്‍ഡാണ്. ഇതിലേറെ നേടാനാവില്ല' എന്നും ശാസ്‌ത്രി പാക് മുന്‍താരം അക്‌തറിന്‍റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു. 

ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. ഇതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ പൂര്‍ണസമയ ക്യാപ്റ്റനായി. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വിക്ക് ശേഷം കോലി അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞു. ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു.

Dale Steyn : രോഹിത്തല്ലാതെ മറ്റൊരു താരം; ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ മിസ് ചെയ്‌തെന്ന് സ്റ്റെയ്‌ന്‍

click me!