ഒട്ടും ധൃതി വേണ്ട, സമയമെടുത്ത് കളിക്കൂ; രോഹിത്തിന് ക്യാപ്റ്റന്റെ പിന്തുണ

By Web TeamFirst Published Oct 1, 2019, 3:16 PM IST
Highlights

രോഹിത് ശര്‍മയുടെ ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തിന് ഇനി അധികം ദൂരമില്ല. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഓപ്പണറായി രോഹിത് കളിക്കും.

വിശാഖപട്ടണം: രോഹിത് ശര്‍മയുടെ ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തിന് ഇനി അധികം ദൂരമില്ല. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഓപ്പണറായി രോഹിത് കളിക്കും. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറായി തിളങ്ങുന്നുണ്ടെങ്കിലും ടെസ്റ്റില്‍ അത്ര മികച്ച റെക്കോഡല്ല രോഹിത്തിന്. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയെങ്കിലും രോഹിത്തിന് തിളങ്ങാനായില്ല. റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു താരം. 

നാളെ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് രോഹിത്. എന്നാല്‍ രോഹിത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ആദ്യ ടെസ്റ്റിന് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി. ഒരിക്കലും ധൃതി വേണ്ടെന്നാണ് കോലി പറയുന്നത്. ക്യാപ്റ്റന്‍ തുടര്‍ന്നു... ''ടെസ്റ്റില്‍ ആദ്യമായി ഓപ്പണിങ് റോളിലെത്തുന്ന രോഹിത്തിന്റെ കാര്യത്തില്‍ ഒട്ടും ധൃതിയില്ല. രോഹത്തിന്, അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഫോമിലേക്ക് എത്താനുള്ള സമയം നല്‍കും. അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ കളിക്കാനുള്ള അവസരമുണ്ട്.'' കോലി പറഞ്ഞുനിര്‍ത്തി. 

നേരത്തെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. രോഹിത് കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുവെന്നാണ് യുവരാജ് പറഞ്ഞത്. ചുരുങ്ങിയത് ആറ് ടെസ്റ്റിലെങ്കിലും രോഹിത്തിന് അവസരം നല്‍കണമെന്നാണ് യുവരാജിന്റെ പക്ഷം.

click me!