14 കാരനായ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പല റെക്കോർഡുകളും ഇതിനോടകം തന്നെ തന്‍റെ പേരിലാക്കിയിട്ടുണ്ട്.
പറ്റ്ന: കഴിഞ്ഞ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗിന് സമ്മാനമായി ലഭിച്ച ടാറ്റാ കര്‍വ്വ് കാര്‍ ഒടുവില്‍ വൈഭവ് സൂര്യവന്‍ഷിക്ക് സ്വന്തം. 2025 ഐപിഎല്ലിലെ 'സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ' പുരസ്‌കാരത്തിന് അര്‍ഹമായതോടെയാണ് 22 ലക്ഷം രൂപ വിലവരുന്ന ടാറ്റ കർവ്വ് വൈഭവിന് സമ്മാനമായി ലഭിച്ചത്. ടാറ്റ കർവ്വിന്‍റെ ടോപ്പ് വേരിയന്‍റിന് ഡൽഹിയിൽ ഏകദേശം 22 ലക്ഷം രൂപയിലധികം ഓൺ-റോഡ് വില വരും.
14 കാരനായ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പല റെക്കോർഡുകളും ഇതിനോടകം തന്നെ തന്‍റെ പേരിലാക്കിയിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനാണ് വൈഭവ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ സെഞ്ചുറി നേടിയാണ് വൈഭവ് ചരിത്രം കുറിച്ചത്. യൂസഫ് പത്താന്‍റെ (37 പന്ത്) പേരിലുണ്ടായിരുന്ന റെക്കോർഡാണ് വൈഭവ് മറികടന്നത്.
കഴിഞ്ഞ ഐപിഎൽ സീസണിൽ 206.56 സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്‍റെ ബാറ്റിംഗ്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ഇന്ത്യയെ ആറാം തവണയും കിരീടത്തിലേക്ക് നയിച്ചിരുന്നു. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും വൈഭവ് ആയിരുന്നു.
വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും കഴിഞ്ഞ സീസണിലെ ഫോം തുടരാനായാൽ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി വൈകില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.
