
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കി. ഡൊമിനിക്കയില്‍ ഇന്നിംഗ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ വിജയം എളുപ്പമാക്കി. ടെസ്റ്റില്‍ ഒന്നാകെ 12 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ബാറ്റിംിഗില്‍ യഷസ്വി ജയ്‌സ്വാള്‍ (171), രോഹിത് ശര്‍മ (103), വിരാട് കോലി (76) എന്നിവര്‍ തിളങ്ങിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 8500 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്കായിരുന്നു.
അതോടൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി കോലി പിന്നിട്ടു. വിദേശത്ത് ഏറ്റവും കൂടുതല്‍ അന്‍പതില്‍ അധികം റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോലി ഇന്നലെ സ്വന്തമാക്കിയത്. 88 -ാം തവണയാണ് കോലി വിദേശത്ത് അന്‍പതിലേറെ റണ്‍സ് നേടുന്നത്. 87 തവണ 50 റണ്‍സിലേറെ നേടിയ നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 96 തവണ അന്‍പതിലേറെ റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമന്‍.
അതേസമയംം, 271 റണ്‍സാണ് ഇന്ത്യയെ രണ്ടാമതും ബാറ്റിംഗിനയക്കാന്‍ വിന്‍ഡീസിന് വേണ്ടിയിരുന്നത്. എന്നാല്‍ വിന്‍ഡീസ് 130ന് പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ ആതിഥേയര്‍ക്ക് 150 റണ്‍സാണ് നേടാന്‍ സാധിച്ചിരുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ അഞ്ചിന് 421 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. 28 റണ്‍സ് നേടിയ അലിക്ക് അതനസെയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
ജേസണ്‍ ഹോള്‍ഡര്‍ (20) പുറത്താവാതെ നിന്നു. റെയ്‌മോന്‍ റീഫര്‍ (11), ജോഷ്വ ഡ സില്‍വ (13), അല്‍സാരി ജോസഫ് (13), ജോമല്‍ വറിക്കന്‍ (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (7), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (7), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (5), റഖീം കോണ്‍വാള്‍(4), കെമര്‍ റോച്ച് (0) എന്നിവരും പുറത്തായി. അശ്വിന് പുറമെ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റുണ്ട്.
നേരത്തെ, 271 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 150നെതിരെ ഇന്ത്യ അഞ്ചിന് 421 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ യഷസ്വി ജയ്സ്വാള്‍ 171 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നലെ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടിന് 312 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ജയ്സ്വാള്‍ - കോലി സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ജയ്സ്വാളിനെ അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡാ സില്‍വ കയ്യിലൊതുക്കി. 16 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.