
ദുബായ്: ഇത്തവണത്തെ ഐസിസി പുരസ്കാരങ്ങള്‍ തൂത്തുവാരിയത് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും താരങ്ങളായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഐസിസി, ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായതിന് പിന്നാലെ ക്രിക്കറ്റിന്റെ സ്പിരിറ്റ് കാത്തുസൂക്ഷിച്ചതിനുള്ള സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡും കോലിക്കായിരുന്നു. ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടതിനിടെ സ്റ്റീവ് സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ കൂവിയപ്പോള്‍ അവരോട് മിണ്ടാതിരിക്കാന്‍ പറയുകയും കൈയടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് കോലിയെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
കളിക്കളത്തിലെ ചൂടന്‍ പെരുമാറ്റത്തിന്റെ പേരിലും ആവേശപ്രകടനങ്ങളുടെ പേരിലും ഇത്രയുംകാലം ഐസിസിയുടെ ഗുഡ്ബുക്കില്‍ ഇടം നേടാതിരുന്ന കോലിക്ക് ഇത്തവണ മാന്യതക്കുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ ആദ്യം അമ്പരന്നത് മറ്റാരുമല്ല, കോലി തന്നെയായിരുന്നു. തനിക്ക് ഈ പുരസ്കാരം ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്നായിരുന്നു കോലിയുടെ പ്രതികരണം.
വര്‍ഷങ്ങളോളം കളിക്കളത്തിലെ മോശം പെരുമാറ്റങ്ങളുടെ നിഴലിലായിരുന്നു താനെന്നും കോലി പറഞ്ഞു. മുമ്പ് കാണികളുടെ പ്രകോപനത്തെത്തുടര്‍ന്ന് നടുവിരലുയര്‍ത്തി പ്രതികരിച്ചതിന്റെ പേരില്‍ കോലി വിവാദത്തിലായിരുന്നു. മാച്ച് ഫീയുടെ 50 ശതമാനം പിഴ ലഭിക്കുകയും ചെയ്തു.
എന്നാല്‍ തിരിച്ചടികള്‍ക്കുശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ സ്മിത്തിനെ പിന്തുണക്കാനുള്ള തീരുമാനം വ്യക്തിപരമായിരുന്നുവെന്നും ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് വരുന്ന കളിക്കാരനെ ക്രൂശിക്കാനല്ല ശ്രമിക്കേണ്ടതെന്നും കോലി പറഞ്ഞു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകരുടെ പക്ഷത്തുനിന്ന് ഇത്തരത്തിലൊരു നടപടിയല്ല പ്രതീക്ഷിക്കുന്നതെന്നും കോലി വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!