വിരാട് കോലിയ്ക്ക് മുന്നില്‍ പുതിയ ലക്ഷ്യം മുന്നോട്ടുവെച്ച് ഗാംഗുലി

By Web TeamFirst Published Oct 16, 2019, 6:29 PM IST
Highlights

ഇന്ത്യ മികച്ച ടീമാണ്. എന്നാല്‍ കോലിയും സംഘവും ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. അവസാനം കളിച്ച വലിയ ഏഴ് ടൂര്‍ണമെന്റുകളിലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും മുന്നില്‍ പുതിയ ലക്ഷ്യം മുന്നോട്ടുവെച്ച് ബിസിസിഐയുടെ നിയുക്ത പ്രസിഡന്റ് സൗരവ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള ലക്ഷ്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഇന്ത്യ മികച്ച ടീമാണ്. എന്നാല്‍ കോലിയും സംഘവും ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. അവസാനം കളിച്ച വലിയ ഏഴ് ടൂര്‍ണമെന്റുകളിലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സെമിയിലോ ഫൈനലിലോ ഇന്ത്യ വീണുപോവുന്നു. ഇത് മാറ്റാന്‍ കോലിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. കാരണം കോലി ചാമ്പ്യന്‍ കളിക്കാരനാണ്-ഗാംഗുലി പറഞ്ഞു.

വൃദ്ധിമാന്‍ സാഹ ലോകോത്തര വിക്കറ്റ് കീപ്പറാണെങ്കിലും ബാറ്റിംഗില്‍ കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും ഗാംഗുലി പറഞ്ഞു. സാഹ 100 മത്സരങ്ങളെങ്കിലും കളിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ വിക്കറ്റ് കീപ്പിംഗില്‍ മാത്രമല്ല, ബാറ്റിംഗിലും മെച്ചപ്പെടണം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ടെന്നതിനാല്‍ സാഹയ്ക്ക് സെഞ്ചുറി നേടാന്‍ ഇനിയും അവസരമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

click me!