
ദില്ലി: ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് വീണ്ടും രംഗത്ത്. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന മാക്സ്‌വെല്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യക്കെതിരായ ഏകദിന, ട20 പരമ്പരകളില്‍ ഓസ്ട്രേലിയന്‍ ജേഴ്സിയില്‍ താരം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ സാഹചര്യത്തിലാണ് സെവാഗ് വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്.
ഓസ്ട്രേലിയക്കായി കളിക്കുമ്പോള്‍ രണ്ടോ മൂന്നോ മോശം പ്രകടനം നടത്തിയാല്‍ ടീമില്‍ നിന്ന് തന്നെ പുറത്താവുമെന്ന് മാക്സ്‌വെല്ലിന് നന്നായി അറിയാം. പിന്നീട് ടീമില്‍ തിരിച്ചുവരാന്‍ ബുദ്ധിമുട്ടാണെന്നും. എന്നാല്‍ ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അയാള്‍ എങ്ങനെ കളിച്ചാലും ടീമിലുണ്ടാവുമെന്നും. ഈ മനോഭാവമാണ് ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്താന്‍ മാക്സ്‌വെല്ലിനെ പ്രേരിപ്പിച്ചതെന്നും സെവാഗ് സോണി സ്പോര്‍ട്സിനോട് പറഞ്ഞു.
ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമടിച്ച മാക്സ്‌വെല്‍ ഒറ്റ സിക്സ് പോലും പറത്തിയിരുന്നില്ല. എന്നാല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത മാക്സ്‌വെല്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 167 റണ്‍സും ടി20 പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 76 റണ്‍സും അടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെവാഗിന്‍റെ വിമര്‍ശനം.
ഐപിഎല്ലില്‍ കളിക്കുമ്പോള്‍ മാക്സ്‌വെല്ലിന് യാതൊരു സമ്മര്‍ദ്ദവുമില്ല. അയാള്‍ വെറുതെ ആസ്വാദനത്തിന് വേണ്ടി മത്രമാണ് ഐപിഎല്ലില്‍ കളിക്കുന്നത്. മത്സരത്തില്‍ മറ്റ് കളിക്കാരെ പ്രചോദിപ്പിക്കുകയും ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്യും. എന്നാല്‍ ബാറ്റിംഗില്‍ റണ്‍സടിക്കുക മാത്രം ചെയ്യില്ല. കളി കഴിഞ്ഞ ഉടന്‍ ഫ്രീ ആയി മദ്യം കിട്ടുമെങ്കില്‍ മാക്സ്‌വെല്‍ അതുമെടുത്ത് റൂമില്‍ പോയി ഇഷ്ടംപോലെ മദ്യപിക്കുമെന്നും മുമ്പ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ മെന്‍റര്‍ കൂടിയായിരുന്ന സെവാഗ് പറഞ്ഞു.
അതുകൊണ്ടുതന്നെ ഐപിഎല്ലിനെ മാക്സ്‌വെല്‍ ഗൗരവമായി കാണുന്നുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഐപിഎല്ലില്ഡ കളിക്കാന്‍ വരുമ്പോള്‍ അയാള്‍ ക്രിക്കറ്റിനെക്കാള്‍ ഗോള്‍ഫ് കളിക്ക് പ്രാധാന്യം കൊടുക്കുന്നതായിപോലും തോന്നിയിട്ടുണ്ട്. കാരണം മാക്സ്‌വെല്‍ കളിയെ അത്ര ഗൗരവമായി കാണുന്നുണ്ടായിരുന്നെങ്കില്‍ അത് പ്രകടനത്തില്‍ പ്രതിഫലിച്ചേനെയെന്നും സെവാഗ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!