
ഐപിഎല്ലിന്റെ 18-ാം സീസണില്‍ തുടര്‍ച്ചയായി നാല് തോല്‍വികള്‍ വഴങ്ങി തിരിച്ചടി നേരിടുന്ന മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിരേന്ദര്‍ സേവാഗ്. ഇന്ന് വൈകുന്നേരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാൻ ചെന്നൈ ഒരുങ്ങുന്നതിന് മുന്നോടിയാണ് സേവാഗിന്റെ വാക്കുകള്‍. ഇരുവരും തമ്മിലുള്ള പോരില്‍ കൊല്‍ക്കത്തയ്ക്കാണ് മുൻതൂക്കമെന്നും ഇന്ത്യൻ മുൻ ഓപ്പണര്‍ വ്യക്തമാക്കി.
ചെന്നൈ-കൊല്‍ക്കത്ത മത്സരത്തില്‍ വിജയസാധ്യത കൊല്‍ക്കത്തയ്ക്കാണ്. കൊല്‍ക്കത്ത കളിക്കുന്നത്ര മികച്ച ക്രിക്കറ്റ് പുറത്തെടുക്കാൻ ചെന്നൈക്ക് ഇതുവരെ സാധിച്ചിട്ടില്ല. കൊല്‍ക്കത്തയ്ക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. അവരുടെ ബാറ്റര്‍മാര്‍ നന്നായി സ്പിന്നിനെ കളിക്കുന്നവരുമാണ്. സീസണിലെ ഒരു മത്സരത്തിലും ചെന്നൈയുടെ ബാറ്റിംഗ് നിരയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടില്ല. അതുകൊണ്ട്, ചെന്നൈയുടെ ബാറ്റിംഗ് നിര തിളങ്ങിയാല്‍ മാത്രമാണ് അവര്‍ക്ക് സാധ്യതയുള്ളത്. അല്ലാത്തപക്ഷം, കെകെആറിനാണ് മുൻതൂക്കമെന്നും സേവാഗ് സ്റ്റാര്‍ സ്പോര്‍ട്ട്സിനോട് വ്യക്തമാക്കി.
സീസണില്‍ ചെന്നൈക്ക് ഇതുവരെ പരിചിതമല്ലാത്ത പലതും സംഭവിച്ചു. ആരാധകര്‍ തന്നെ ടീമിന്റെ തുടര്‍ തോല്‍വികളില്‍ അതൃപ്തി പ്രകടമാക്കി കഴിഞ്ഞു. ധോണിയെ രക്ഷകനാക്കിയും ഫിനിഷറാക്കിയും ആഘോഷിച്ചവര്‍ തന്നെ തിരുത്തി പറഞ്ഞുതുടങ്ങി. ജയിക്കാനാവശ്യമായ റണ്‍റേറ്റ് 15 മുകളിലെത്തുമ്പോള്‍ തന്നെ ആരാധകര്‍ സ്റ്റേഡിയം വിടുന്ന കാഴ്ചയുമുണ്ടായി.
എന്നാല്‍ റുതുരാജിന് പരുക്കേറ്റതിനെ തുടര്‍ന്ന് ധോണി നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത് ഒരുപക്ഷേ ആരാധകര്‍ക്ക് ആത്മവിശ്വാസം നല്‍കിയേക്കാമെന്നാണ് വിലയിരുത്തല്‍. അവിശ്വസനീയമായ പലതും സാധ്യമാക്കിയ ധോണി നായകനായി എത്തുമ്പോള്‍ എന്തും സംഭവിക്കാമെന്നും സേവാഗ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കൈമുട്ടിനേറ്റ പരുക്കാണ് റുതുരാജിന്റെ പുറത്താകലിന് വഴിവെച്ചത്. സീസണില്‍ ഒരു മത്സരം പോലും കളിക്കാൻ താരത്തിന് സാധിക്കില്ല. റുതുരാജിന്റെ അഭാവത്തില്‍ മികച്ച ഒരു നായകനെ കണ്ടെത്താൻ ചെന്നൈ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ ധോണിയിലേക്ക് തന്നെ ആ ഉത്തരവാദിത്തം എത്തുകയായിരുന്നു.
വെല്ലുവിളി നിറഞ്ഞ സീസണാണ് ഇത്തവണത്തേത്. എന്നാല്‍, ടീമിനെ നയിക്കാൻ നമുക്കൊപ്പം ഒരു യുവവിക്കറ്റ് കീപ്പറുണ്ട്. കാര്യങ്ങള്‍ മാറിമറിയുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഞാൻ സ്ക്വാഡിനൊപ്പമുണ്ടായിരിക്കും. ഡഗൗട്ടിലിരുന്ന് ടീമിന്റെ പിന്തുണ നല്‍കും. പരുക്കിനെ തുടര്‍ന്ന് പുറത്തുപോകേണ്ടി വന്നത് നിരാശ സമ്മാനിച്ച കാര്യമാണ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും റുതുരാജ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!